കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയായിരുന്ന ആർ എൽ നിതിൻ രാജ് മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ നടപടി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെയാണ് സസ്പെൻഡ് ചെയ്തത്.
കോടതിയുടെ കടുത്ത വിമർശനങ്ങളെ തുടർന്നാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലനെ നേരത്തെ സസ്പെൻഡ് ചെയ്യാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവുകളിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

