ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ മധ്യവയസ്കനെ നടുറോഡിൽ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വഴക്കു തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട
തർക്കത്തെത്തുടർന്നാണ് ചേർത്തല സ്വദേശിയായ രതീഷ് എന്ന 41കാരന് ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
ഈ മാസം 17ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ചേർത്തല പള്ളിച്ചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവെച്ച് 25 വയസിൽ താഴെ മാത്രം പ്രായമുള്ള മൂന്നു യുവാക്കൾ ചേർന്ന് രതീഷിനെ ആക്രമിക്കുകയായിരുന്നു.
ഓടുകൊണ്ട് എറിയുകയും, നിലത്തിട്ട് ചവിട്ടുകയും, ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. ബ്രെയിൻ ട്യൂമർ ബാധിതനായ താൻ മരുന്ന് വാങ്ങി മടങ്ങുന്നതിനിടയിലാണ് സംഭവം കണ്ടതെന്നും, വഴക്കു കൂടിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ പ്രകോപിതരായി മറ്റൊരാളെക്കൂടി വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നുവെന്നും രതീഷും കുടുംബവും വ്യക്തമാക്കുന്നു.
നാട്ടുകാരായ കാശി, ശങ്കരൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് ഗുരുതര വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്തയുടൻ പ്രതികൾ ഒളിവിൽ പോയതാണെന്നും അവർക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ചേർത്തല പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകൾ ഫലം കണ്ടിട്ടില്ലെന്നും, ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

