ആഗോള വിപണിയെ പിടിച്ചുലച്ചുകൊണ്ട് ഇറാനെതിരായ പുതിയ സാമ്പത്തിക ഉപരോധ പ്രഖ്യാപനങ്ങള്‍ വരുന്നു. ഇറാനെ സാമ്പത്തികമായി പൂര്‍ണ്ണമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധ നടപടികള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം ഇന്ന് രാത്രി യുഎസ് ട്രഷറി സ്കോട്ട് ബസന്റ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയാണിത്. ഉപരോധത്തില്‍ ഒപ്പം നില്‍ക്കാത്ത രാജ്യങ്ങള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ട്രംപിന്റെ ഈ സാമ്പത്തിക നീക്കങ്ങള്‍ ഫലം കാണില്ലെന്നും ബദല്‍ മാര്‍ഗങ്ങളുണ്ടെന്നും ഇറാന് വ്യക്തമാക്കി. സൈനികമായി പരാജയപ്പെട്ടതുകൊണ്ടാണ് യുഎസ് സാമ്പത്തിക യുദ്ധം പുറത്തെടുത്തിരിക്കുന്നതെന്നാണ് ഇറാന് സൈന്യം പ്രതികരിച്ചത്.
ഇറാനെതിരെ കടുത്ത ഉപരോധം വരുന്ന പശ്ചാത്തലത്തില്‍ ക്രൂഡോയിൽ വില ഇന്ന് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ രണ്ടു ശതമാനത്തോളം താഴ്ന്ന് 92.62 ഡോളറിലെത്തി.
ഡബ്ല്യൂടിഐ ബാരലിന് 85.34 ആയി കുറഞ്ഞപ്പോള്‍, യുഎഇയുടെ മര്‍ബന്‍ വില 103.5 ഡോളറിലാണ് നില്‍ക്കുന്നത്. ഈ സാമ്പത്തിക നീക്കം വിജയിച്ചാല്‍ ഇറാന്റെ ശക്തമായ പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇത് എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നും കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ വിലയിരുത്തുന്നു.
മറുവശത്ത്, ബോണ്ട് വിപണിയിലെ അനിശ്ചിതത്വവും ഇറാനെതിരായ ഉപരോധവും സ്വര്‍ണവിലയെ കുതിപ്പിലാക്കി. ഔണ്‍സിന് 4604 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്ന് വീണ്ടും ഉയര്‍ന്ന് 4652 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തില്‍ പവന് 6000 രൂപയോളമാണ് വര്‍ധിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് പുതിയ ചെയര്മാന് കെവിന് വാര്‍ഷ് ജാക്സണ് ഹോള്‍ സിംപോസിയത്തില്‍ നടത്തുന്ന പരാമര്‍ശങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്. ആഗോളതലത്തിലുള്ള ഈ പ്രതിസന്ധികള്‍ ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്.
സെന്‍സെക്സ് 0.60 ശതമാനവും നിഫ്റ്റി 0.47 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ ഇതുവരെ 23,544 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ഏഷ്യന്‍ വിപണികളിലും സമാനമായ ഇടിവാണ് ദൃശ്യമാകുന്നത്. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 1.75% ഇടിഞ്ഞപ്പോള്‍ ഹോങ്കോങ് സൂചിക 2 ശതമാനവും ഷാങ്ഹായ് സൂചിക 0.5 ശതമാനവും നഷ്ടത്തിലാണ്.
എഐ മേഖലയിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതും വിപണിക്ക് തിരിച്ചടിയായി. യുഎസ് വിപണിയില്‍ ഡോ സൂചിക 0.8 ശതമാനവും നാസ്ഡാക് 2 ശതമാനവും ഇടിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

