മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ പുതിയ ജില്ല പ്രഖ്യാപനം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ വേദിയിൽ ഉയർന്നുവന്നത്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മൂവാറ്റുപുഴയിൽ എത്തിയപ്പോഴാണ് ഈ സുപ്രധാന വിഷയം പരസ്യമായി ഉന്നയിക്കപ്പെട്ടത്.
എംഎൽഎ മാത്യു കുഴൽനാടൻ ആണ് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുവെച്ചത്. ചടങ്ങിൽ സംസാരിക്കവെ മാത്യു കുഴൽനാടൻ വ്യക്തമാക്കിയത് ഇങ്ങനെ:
“മൂവാറ്റുപുഴയ്ക്ക് കഴിഞ്ഞ ഒരുപാട് കാലമായി വിഷുവിനോ ഓണത്തിനോ ക്രിസ്മസിനോ ന്യൂ ഇയറിനോ ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല.
അങ്ങ് പ്രത്യേക കരുതലും പരിഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവരും അങ്ങയിൽനിന്ന് ആഗ്രഹിക്കുന്ന ഓണസമ്മാനം അങ്ങയുടെ നേതൃത്വത്തിൽ ഈ സംസ്ഥാനത്ത് ഒരു പുതിയ ജില്ല രൂപീകരണം ആകുമെങ്കിൽ, ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” എംഎൽഎയുടെ ആവശ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉറപ്പുനൽകി.
വി.ഡി. സതീശൻ പറഞ്ഞത് ഇങ്ങനെ:
“എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും.
നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നൽകും.
മൂവാറ്റുപുഴ ആസ്ഥാനമായി ഒരു പുതിയ ജില്ല വരുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.” പതിറ്റാണ്ടുകൾക്ക് മുൻപ് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ അധികാരത്തിലിരുന്ന സമയത്തും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.
“സംസ്ഥാനത്ത് അടുത്തൊരു ജില്ല ഉണ്ടാകുകയാണെങ്കിൽ അത് മൂവാറ്റുപുഴ ആയിരിക്കും” എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം അന്ന് വലിയ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കോൺഗ്രസ് മുഖ്യമന്ത്രി കിഴക്കൻ മേഖലയിൽ നേരിട്ടെത്തി ജില്ല രൂപീകരണം സംബന്ധിച്ച് പരസ്യമായി ഉറപ്പുനൽകിയിരിക്കുന്നത് പ്രദേശത്തെ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

