പെരുമ്പെട്ടി∙ സഞ്ചാരികൾക്ക് വിസ്മയകരമായ ദൃശ്യാനുഭവം സമ്മാനിച്ച് അരീക്കൽ വെള്ളച്ചാട്ടം സജീവമാകുന്നു. കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന അരീക്കൽ വലിയതോട്ടിലാണ് ഈ മനോഹര ജലാശയം സ്ഥിതി ചെയ്യുന്നത്.
ജലസമൃദ്ധിയുടെ പശ്ചാത്തലത്തിൽ, ചിന്നിച്ചിതറി 72 അടി താഴ്ചയിലേക്ക് പതിക്കുന്ന ശക്തമായ ജലപ്രവാഹം പ്രദേശത്തെ ആകർഷണ കേന്ദ്രമാക്കുന്നു. വെള്ളയിൽ, ആനക്കുഴി, മുളയ്ക്കൽ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ നീർച്ചാലുകൾ ഒന്നിച്ചുചേർന്നാണ് ഈ വെള്ളച്ചാട്ടത്തിന് രൂപം നൽകുന്നത്.
നിലവിൽ പാതയോരത്തു നിന്നും സമീപത്തുള്ള പാലത്തിൽ നിന്നും മാത്രമാണ് ഈ ദൃശ്യം ആസ്വദിക്കാൻ സാധിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ അടിവാരത്തേക്ക് ഇറങ്ങുന്നത് കൂടുതൽ അപകടസാധ്യതകൾക്ക് ഇടയാക്കുമെന്നതിനാൽ കർശന മുന്നറിയിപ്പുണ്ട്.
ഇവിടെ നിന്നെത്തുന്ന ജലം ചാലാപ്പള്ളി തോട്ടിൽ ചേർന്ന് ചീരംപടവ്, അത്യാൽ, മഠത്തുംമുറി പാടശേഖരങ്ങളുടെ നടുവിലൂടെ ഒഴുകി കുളത്തൂർമൂഴി പാപ്പനാടിന് സമീപം മണിമലയാറ്റിൽ പതിക്കുന്നു. പൂവനക്കടവ്–ചെറുകോൽപുഴ റോഡിലെ അരീക്കൽ കവലയിൽ നിന്ന് ഇരുമ്പുകുഴി റോഡിലേക്ക് 140 മീറ്റർ സഞ്ചരിച്ചാൽ ഈ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സ്ഥലത്ത് എത്തിച്ചേരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

