കാഞ്ഞങ്ങാട് ∙ ജീവനുള്ള ആനകൾക്ക് പകരം യന്ത്രയാന ക്ഷേത്രച്ചടങ്ങുകൾക്കായി എത്തുന്നു. മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) ഇന്ത്യയുമായി ചേർന്ന് പ്രമുഖ നടി റിച്ച ഛദ്ദ കാഞ്ഞങ്ങാട്ടെ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്കാണ് യന്ത്രയാനയെ സമർപ്പിക്കുന്നത്.
ഉത്രാടനാളായ 25ന് രാവിലെ 10ന് ‘ഗുരുപുരം അർജുനൻ’ എന്ന് പേരിട്ടിരിക്കുന്ന യന്ത്രയാന ക്ഷേത്രത്തിലേക്ക് നടതുറക്കും. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തിലേക്ക് യന്ത്രയാന സമർപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഏകദേശം 11 അടി ഉയരവും 800 കിലോ ഭാരവുമമുള്ള ഈ കൃത്രിമ ആന പൂർണ്ണമായും അത്യാധുനിക സംവിധാനങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. മോട്ടറുകളുടെ സഹായത്തോടെ തല, വാല്, കണ്ണ്, വായ, ചെവി എന്നിവ ചലിപ്പിക്കാൻ സാധിക്കും.
തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഘടന. തുമ്പിക്കൈ വഴി വെള്ളം ചീറ്റാനും ഇതിന് സാധിക്കും.
കൂടാതെ ഒരേസമയം നാല് പേർക്ക് ഇതിന്റെ പുറത്തിരിക്കാൻ സാധിക്കും വിധമാണ് നിർമ്മാണം. ഇരുമ്പുകൊണ്ടുള്ള ബലമുള്ള ചട്ടക്കൂടിനു പുറത്ത് റബർ ഉപയോഗിച്ചാണ് ആനയുടെ രൂപം തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ ആകെ നിർമാണച്ചെലവ് 5 ലക്ഷം രൂപയാണ്. ചടങ്ങിന്റെ ഭാഗമായി വരുന്ന 25ന് രാവിലെ 9ന് കാഴ്ചക്കുല സമർപ്പണവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്, ജനറൽ സെക്രട്ടറി കെ.കെ.റാം, വൈസ് പ്രസിഡന്റുമാരായ ബാബു പാടിയിൽ, പ്രിയേഷ് പാടിയിൽ, ട്രഷറർ രാജീവൻ ഗുരുപുരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയറാം ചന്ദ്രൻ, തമ്പാൻ പാടിയിൽ, മാതൃസമിതി സെക്രട്ടറി ഗിരിജ അറങ്കോടൽ എന്നിവർ അറിയിച്ചു.
നടി റിച്ച ചദ്ദയും തന്ത്രി ഇരിവൽ കൃഷ്ണദാസ് വാഴുന്നവരും ചേർന്നാണ് ആനയെ ക്ഷേത്രത്തിലേക്ക് ഔദ്യോഗികമായി സമർപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

