ഹൈദരാബാദിലെ മല്ലാ റെഡ്ഡി യൂണിവേഴ്സിതയിൽ നടന്ന ടോക്സിക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഓഗസ്റ്റ് 23, 2026 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ജനക്കൂട്ടത്തിനിടയിൽ ലൈറ്റും സൗണ്ട് ബോക്സും സ്ഥാപിക്കാനായി സജ്ജീകരിച്ചിരുന്ന സ്റ്റാന്റുകളുടെ ഒരു ഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്. ഇതിനിടയിൽ ഒരു യുവതി കുഴഞ്ഞുവീണതായും വിവരങ്ങളുണ്ട്.
നടൻ യാഷ് സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ വൻതിരക്ക് കാരണം ചില വിദ്യാർഥികൾ പ്രകാശ-ശബ്ദ സംവിധാനങ്ങൾ താങ്ങിനിർത്തിയിരുന്ന ഇരുമ്പ് ഘടനയ്ക്ക് മുകളിൽ കയറി ഇരിക്കുകയായിരുന്നു.
കൂടുതൽ പേർ ഭാരത്തോടെ കയറിയതോടെ സംവിധാനത്തിന് താങ്ങാനാകാതെ ഇത് തകരുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അപകടം ശ്രദ്ധയിൽ പെട്ടയുടൻ പ്രസംഗം നിർത്തിയ യാഷ്, വേദിയിൽ നിന്നും കാണികൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടു. “അവിടെ എല്ലാം ശരിയാണോ, ദയവായി പരിശോധിക്കു.
വിദ്യാർഥികളെ ദയവായി ശ്രദ്ധിക്കൂ” എന്ന് താരം വേദിയിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് ശേഷവും ചിലർ കെട്ടിടങ്ങളുടെയും സൗണ്ട് സിസ്റ്റങ്ങളുടെയും മുകളിൽ നിൽക്കുന്നത് കണ്ട് അദ്ദേഹം താഴെയിറങ്ങാൻ കർശന നിർദ്ദേശം നൽകി.
സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് സംഘാടകർ ഉറപ്പുനൽകിയ ശേഷമാണ് താരം തന്റെ പ്രസംഗം പുനരാരംഭിച്ചത്. പ്രമുഖ കന്നഡ താരം യാഷിനെ നേരിൽ കാണാൻ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തടിച്ചുകൂടിയത്.
ജനക്കൂട്ടത്തിന്റെ ആധിക്യം കാരണം ഉണ്ടാകാനിടയുള്ള അപകട സാധ്യതകളെക്കുറിച്ച് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും സ്റ്റേജിന് സമീപവും പരിസരത്തെ കെട്ടിടങ്ങളിലും നിലയുറപ്പിക്കുകയായിരുന്നു.
സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാര്യ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

