ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെ തുടർന്ന് ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത യുവതികൾ വിഷം കഴിച്ചു. സംഭവത്തിൽ 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു.
19 കാരിയായ സാധന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ ജീവിതത്തിലെ പ്രതിസന്ധികൾ പരസ്പരം പങ്കുവെച്ചതിനു പിന്നാലെ ഇരുവരും അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ മാരക വിഷഗുളികകൾ വാങ്ങി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗുളിക കഴിച്ചതിന് പിന്നാലെ അവശനിലയിലായ ഇരുവരെയും സാധനയുടെ മാതാപിതാക്കളാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നില ഗുരുതരമായതിനെ തുടർന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ സാധനയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായ ഇരുവരും പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ്. സാധനയുടെ വിവാഹം രണ്ട് മാസം മുൻപ് അവളുടെ സമ്മതമില്ലാതെയാണ് വീട്ടുകാർ നടത്തിക്കൊടുത്തത്.
ഭർത്താവിനെ ഇഷ്ടപ്പെടാത്തതിനാൽ കഴിഞ്ഞ ഒരു മാസമായി അവൾ സ്വന്തം വീട്ടിലായിരുന്നു താമസം. അതേസമയം, താൻ സ്നേഹിച്ച വ്യക്തിയുമായി വിവാഹം നടത്തിക്കൊടുക്കാൻ കുടുംബം വിസമ്മതിച്ചതിന്റെ മനോവിഷമത്തിലായിരുന്നു കവിത.
സംഭവത്തിൽ കവിത രണ്ട് ഗുളികകളും സാധന ഒരു ഗുളികയുമാണ് കഴിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനു മുന്നിൽ സാധനയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർനടപടികളുടെ ഭാഗമായി കവിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പൊലീസിന്റെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

