ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇന്ന് വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 434 വിവാഹങ്ങളാണ് ഇവിടെ ബുക്ക് ചെയ്തിട്ടുള്ളത്.
ഇന്ന് സ്പോട്ട് ബുക്കിങ് കൂടി പൂർത്തിയാകുന്നതോടെ ആകെ വിവാഹങ്ങളുടെ എണ്ണം 450 കടക്കുമെന്നാണ് ദേവസ്വം അധികൃതരുടെ വിലയിരുത്തൽ. ഇന്ന് പുലർച്ചെ 4 മണി മുതൽ 6 കല്യാണ മണ്ഡപങ്ങളിലായി ചടങ്ങുകൾ ആരംഭിക്കും.
വിവാഹ സംഘങ്ങൾ മുഹൂർത്തത്തിന് മുൻപായി മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപമുള്ള കൗണ്ടറിൽ നിന്നും ടോക്കൺ കൈപ്പേടിക്കേണ്ടതാണ്. ഫൊട്ടോഗ്രാഫർ അടക്കം ഒരു സംഘത്തിൽ 24 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇവർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മുഹൂർത്തസമയത്ത് ഇവരെ കൃത്യമായി മണ്ഡപത്തിലേക്ക് എത്തിക്കും.
കിഴക്കേ നടപ്പുരയിൽ കർശനമായ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ ദീപസ്തംഭത്തിനു മുന്നിൽ നിന്നു തെക്കുഭാഗത്തു കൂടി പോകേണ്ടതാണ്.
കൂടാതെ, ക്ഷേത്രത്തിനകത്ത് അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ദേവസ്വം റെസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം വരുന്ന സെപ്റ്റംബർ 15ന് നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പാർക്കിങ് ക്രമീകരണങ്ങൾ
ഭക്തർക്കും വിവാഹ സംഘങ്ങൾക്കും ദേവസ്വത്തിന്റെയും നഗരസഭയുടെയും ബഹുനില പാർക്കിങ് കേന്ദ്രങ്ങളും മറ്റ് പാർക്കിങ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം. ചെറു വാഹനങ്ങൾക്കായി ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട്, ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് അനുവദനീയമല്ല. കുന്നംകുളം, ചാവക്കാട്, തൃശൂർ റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
വിവാഹ റജിസ്ട്രേഷൻ
വിവാഹ റജിസ്ട്രേഷനായി കിഴക്കേനടയിൽ കല്യാണ മണ്ഡപത്തിനടുത്ത് നഗരസഭാ റജിസ്ട്രേഷൻ ഓഫിസ് രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കുന്നതാണ്. ഇതിനായി 2 അധിക കൗണ്ടറുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്.
വധൂവരന്മാരോടൊപ്പം 2 സാക്ഷികൾ മാത്രം ചടങ്ങിൽ സന്നിഹിതരായാൽ മതിയാകും. ആവശ്യമായ രേഖകൾ കൃത്യമാണെങ്കിൽ അന്നുതന്നെ വിവാഹ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സാധിക്കും.
ആവശ്യമായ രേഖകൾ
* വധൂവരന്മാരുടെ ഫോട്ടോ
* ആധാർ കാർഡ്
* ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
* ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ (സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും)
* വിവാഹം നടന്നതിന് ക്ഷേത്രത്തിൽ നിന്നുള്ള സാക്ഷ്യപത്രം അല്ലെങ്കിൽ ഗസറ്റഡ് ഓഫിസർ, എംപി, എംഎൽഎ, മേയർ, പഞ്ചായത്ത് പ്രസിഡന്റ്, കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരിൽ ആരെങ്കിലും ഒപ്പിട്ട ഫോം 2 സാക്ഷ്യപത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

