പുതുപ്പള്ളി മണ്ഡലത്തിലെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ വരുന്ന 30-ാം തീയതി പുതുപ്പള്ളി സന്ദർശിക്കും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഗെയ്ലിനെ മണ്ഡലത്തിലേക്ക് എത്തിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.
30-ാം തീയതി രാവിലെ 10.30-ന് ഗ്രിഗോറിയൻ സ്കൂൾ മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ക്രിസ് ഗെയ്ൽ, തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും. ഇതിനുശേഷമായി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കും.
തുടർന്ന് വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം, വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെന്നിമല ഹെറിറ്റേജ് ആൻഡ് കൾചറൽ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യും. ഈ ചടങ്ങിൽ വിദ്യാർഥികൾക്ക് ക്രിസ് ഗെയ്ലുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും പരിഗണനയിലുണ്ട്.
‘യൂണിവേഴ്സ് ബോസ്’ എന്ന വിശേഷണമുള്ള ക്രിസ് ഗെയ്ലിന്റെ പേരിലാണ് ട്വന്റി20 ക്രിക്കറ്റിലെ പ്രധാനപ്പെട്ട ഭൂരിഭാഗം ബാറ്റിങ് റെക്കോർഡുകളും ഉള്ളത്.
വേഗമേറിയ സെഞ്ചറി, ഉയർന്ന വ്യക്തിഗത സ്കോർ, ആയിരത്തിലധികം സിക്സറുകൾ തുടങ്ങിയ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. ഐപിഎല്ലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് താരമായി തിളങ്ങിയിട്ടുള്ള അദ്ദേഹം, കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയാണ്.
ടീമിന്റെ മത്സരം വീക്ഷിക്കുന്നതിനായി അദ്ദേഹം 29-ാം തീയതി തിരുവനന്തപുരത്ത് എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

