കേരളത്തിന് ഗുണകരമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനം മുൻകൈ എടുത്താൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു വ്യക്തമാക്കി. കൊച്ചിയിൽ നടന്ന കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയാൽ തുടർ നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അയ്യപ്പഭക്തനായ താൻ പലവട്ടം ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിച്ചു.
പ്രാദേശിക വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹബ് ആൻഡ് സ്പോക് മോഡൽ കൊച്ചി വിമാനത്താവളത്തിൽ നടപ്പിലാക്കുന്നത് പരിഗണിക്കും. ഇത്തരം വിമാനത്താവളങ്ങളിൽ രാജ്യാന്തര യാത്രക്കാർക്കായി വിപുലമായ രീതിയിലുള്ള ചെക്ക്-ഇൻ, എമിഗ്രേഷൻ പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തും.
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ആദ്യ സീ പ്ലെയിൻ സർവീസ് വൈകാതെ യാഥാർത്ഥ്യമാകുമെന്നും, രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാനായി താൻ നേരിട്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തോടനുബന്ധിച്ച് ഫ്ലൈയിങ് ട്രെയ്നിങ് ഓർഗനൈസേഷൻ (എഫ്ടിഒ) ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നിന്നും കൂടുതൽ പൈലറ്റുമാർ കടന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരപ്പിൽ ലഘുഭക്ഷണം ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫെ കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ആരംഭിക്കും.
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും, നിലവിൽ നിർമാണ സാമഗ്രികൾ ലഭ്യമാകാത്തതാണ് പ്രതിസന്ധിയെന്നും അദ്ദേഹം വിശദീകരിച്ചു. 2047-നകം രാജ്യത്ത് 350-ലേറെ വിമാനത്താവളങ്ങൾ നിർമിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
കഴിഞ്ഞ 10 വർഷത്തിനിടെ 90-ൽ അധികം വിമാനത്താവളങ്ങൾ നിർമിക്കാൻ സാധിച്ചു. ഓരോ 45 ദിവസത്തിലും പുതിയൊരു വിമാനത്താവളത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നുണ്ട്.
ഉഡാൻ പദ്ധതിക്കും വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിനുമായി പത്തു വർഷത്തേക്ക് 28,840 കോടി രൂപയാണ് വകയിരുത്തിയത്. 1700 പുതിയ വിമാനങ്ങൾക്കായുള്ള ഓർഡറുകൾ നൽകിക്കഴിഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് യാത്രാവിമാനം നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിമാനത്താവളങ്ങളും വിമാന-ഹെലികോപ്റ്റർ സർവീസുകളും നിലവിൽ വരുന്നതോടെ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
വ്യവസായ രംഗത്തെ മത്സരം വർധിക്കുന്നത് യാത്രാനിരക്ക് ഗണ്യമായി കുറയാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഹൈബി ഈഡൻ എം.പി കേരളത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.
അതേസമയം, വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കുമെന്നും, വീഴ്ച വരുത്തുന്നവർ അതിന് മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കോൺക്ലേവിൽ വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഒരു സംരംഭം തുടങ്ങണമെങ്കിൽ 23 അനുമതികളാണ് ആവശ്യമായി വരുന്നത്.
ഏകജാലക സംവിധാനം ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകളാണ് ഉള്ളത്. വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ ഒറ്റ അനുമതി മാത്രം മതിയെന്ന നിലയിലേക്ക് മാറ്റം കൊണ്ടുവരും.
പ്രഖ്യാപിക്കപ്പെടുന്ന വികസന പദ്ധതികൾ ആറു മാസത്തിനകം യാഥാർത്ഥ്യമാകണമെന്നും, ഇതിനായി ചിലപ്പോൾ മുഖ്യമന്ത്രിക്ക് ഒരു സിഇഒയുടെ റോളിൽ പ്രവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാകുമ്പോൾ സർക്കാർ പദ്ധതികൾ വൈകുന്നത് ആർക്കും ഉത്തരവാദിത്തമില്ലാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ്.
100 കോടി രൂപയുടെ ഒരു സർക്കാർ പദ്ധതി 15 വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ വരുമ്പോൾ, അതിന്റെ നിർമാണച്ചെലവ് 1000 കോടിയായി ഉയരുന്നു. ഈ വീഴ്ചകൾ കണ്ടെത്തി കൃത്യമായി തിരുത്തണം.
അനാവശ്യമായി ഒരു രൂപ പോലും പൊതുഖജനാവിൽ നിന്ന് ചോർന്നുപോകാൻ പാടില്ലെന്നും, ഇതിനപ്പുറം മറ്റൊരു മാർഗ്ഗവും കേരളത്തിന് മുന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

