ഡൽഹിയിൽ ആയിരം രൂപ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യാത്രക്കാരനെ കാർ ഡ്രൈവറും കുടുംബാംഗങ്ങളും ചേർന്ന് ഇഷ്ടികയും മൺപാത്രവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. നരൈന വിഹാർ മേഖലയിലെ സർക്കാർ സ്കൂൾ മതിലിനോട് ചേർന്നുള്ള നടപ്പാതയിൽ രക്തത്തിൽ കുളിച്ച നിലയിലുള്ള നഗ്നമായ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ കാർ ഡ്രൈവർ രാജീന്ദർ കുമാർ എന്ന അന്നു (59), തെളിവുനശിപ്പിക്കാൻ കൂട്ടുനിന്ന ഭാര്യ കാമിനി മഖിജ (50), മകൻ ലക്ഷ് മഖിജ (28) എന്നിവരെ പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച വിവരപ്രകാരം, ഓഗസ്റ്റ് 17നാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഇഫ്കോ ചൗക്കിൽ നിന്നും പ്രതി ഇയാളെ തന്റെ വാനിൽ കയറ്റിയത്.
യാത്രക്കൂലി നൽകാൻ യാത്രക്കാരൻ തയ്യാറാകാതിരുന്നതോടെ വാഹനത്തിനകത്ത് രൂക്ഷമായ തർക്കമുണ്ടായി. ഇതിൽ അരിശംപൂണ്ട
രാജീന്ദർ വാഹനത്തിലുണ്ടായിരുന്ന ഇഷ്ടികകളും മൺപാത്രവും ഉപയോഗിച്ച് യാത്രക്കാരനെ തലങ്ങും വിലങ്ങും മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പരിഭ്രാന്തനായ രാജീന്ദർ തന്റെ ഭാര്യ കാമിനി മഖിജയെയും മകൻ ലക്ഷ് മഖിജയെയും ഫോണിൽ വിളിച്ച് വരുത്തി സഹായം തേടുകയായിരുന്നു.
തുടർന്ന് പ്രതികളും മൃതദേഹം വഴിയരികിൽ തള്ളാനും, കൊല്ലപ്പെട്ടയാളുടെ വേഷവിധാനങ്ങളും ചെരുപ്പുകളും ഒളിപ്പിക്കാനും, കൊലപാതകത്തിന് ഉപയോഗിച്ച വാഹനം മാറ്റിവെക്കാനും കൂട്ടുനിൽക്കുകയും ചെയ്തു. കൊല ചെയ്യപ്പെട്ട
വ്യക്തിക്ക് ഏകദേശം 35 വയസ്സ് പ്രായം വരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ തലയുടെ വലതുഭാഗത്ത് ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു.
തുടക്കത്തിൽ ഇയാളെ തിരിച്ചറിയാനുള്ള രേഖകളൊന്നും ലഭ്യമായിരുന്നില്ല. എന്നാൽ ഇടതുകൈയിൽ അമ്പടയാളത്തോടുകൂടിയ ഹൃദയാകൃതിയിലുള്ള പച്ചകുത്തിയ അടയാളവും അതിൽ ആനന്ദ്, രേണു എന്നീ പേരുകൾ കൊത്തിയിട്ടുള്ളതും അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മൃതദേഹം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. സംഭവസ്ഥലത്ത് ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ അഞ്ഞൂറിലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി.
ഇതിൽ സംശയാസ്പദമായ രീതിയിൽ കാർ സഞ്ചരിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനം നരൈന ഗ്രാമവാസിയായ രാജീന്ദറിന്റേതാണെന്ന് വ്യക്തമായത്. പ്രതിയുടെ ഭാര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാറും, മകൻ നൽകിയ വിവരപ്രകാരം കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.
മരിച്ചയാളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുന്നതിനും കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

