സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വലയുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി. വിസ ചട്ടങ്ങൾ ലംഘിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി തങ്ങുകയും ഭിക്ഷാടനത്തിൽ ഏർപ്പെടുകയും രേഖകളിൽ തിരിമറി നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് 22,000-ത്തോളം പാക്കിസ്ഥാനികളെയാണ് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തിരിച്ചയച്ചത്.
പാർലമെന്റിൽ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ച പാക്കിസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസൽ, മാർച്ച് ഒന്നിനും ജൂലൈ 13നും ഇടയിലുള്ള കണക്കുകളാണിത് പുറത്തുവിട്ടത്.
പാർലമെന്റംഗമായ ഹമീദ് ഹുസൈൻ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം ആളുകളെ തിരിച്ചയച്ചത് സൗദി അറേബ്യയാണ്.
15,495 പേരെയാണ് സൗദി തിരികെ അയച്ചത്. യുഎഇ 3,802 പേരെയും, ബഹ്റൈനും ഒമാനും 521 വീതം പേരെയും, ഖത്തർ 429 പേരെയും കുവൈത്ത് 97 പേരെയും മടക്കി അയച്ചു.
ഇതിൽ പിടിയിലാകാതിരിക്കാൻ ഒളിവിൽ കഴിഞ്ഞവർ 4,628 വരും. ജയിലിൽ കഴിഞ്ഞിരുന്നവർ 1,294 പേരാണ്.
കരിമ്പട്ടികയിൽ ഉൾപ്പെട്ടവർ 968 പേരും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർ 1,155 പേരുമാണ്. വിസ ചട്ടം ലംഘിച്ച 689 പേരും ഗൾഫ് രാജ്യങ്ങളിൽ പ്രവേശന വിലക്കുള്ള 342 പേരും മടക്കിവിട്ടവരുടെ കൂട്ടത്തിലുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഭിക്ഷാടനം നടത്തിയതിന് മാത്രം 472 പേർ പിടിയിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഭിക്ഷാടനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ ഏകദേശം 65,000 പാക്കിസ്ഥാനികളെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരിച്ചയച്ചത്.
തീർത്ഥാടന വിസയിലുമ മറ്റും സൗദിയിലെത്തി തിരിച്ചുപോകാതെ അനധികൃതമായി തങ്ങി ഭിക്ഷാടനത്തിലേക്കും ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും തിരിയുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭിക്ഷക്കാരെ കയറ്റിവിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.
ഈ പ്രതിസന്ധി തുടർന്നാൽ ഭാവിയിൽ പാക്കിസ്ഥാൻ പൗരന്മാർക്ക് മറ്റ് രാജ്യങ്ങളുടെ വിസ ലഭിക്കുന്നത് അതീവ ദുഷ്കരമാകുമെന്നും സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ഭിക്ഷാടനത്തെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നും ഓരോ വർഷവും വലിയ തുക ഇതുവഴി സമാഹരിക്കപ്പെടുന്നുണ്ടെന്നും മുൻപ് പാക്കിസ്ഥാൻ സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ലോകത്ത് വിവിധയിടങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ പൗരന്മാരാണെന്ന് 2023-ൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി സുൽഫിക്കൽ ഹൈദർ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

