ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തി (യുഎസ്സിഐആർഎഫ്) നുരെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്.
യുഎസ്സിഐആർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ വ്യക്തമാക്കി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇന്ത്യാ രാജ്യത്തിന് പുറത്തേക്ക് നടത്തുന്ന യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം ഉണ്ടായത്.
സംഘടനയ്ക്ക് യാതൊരുവിധ വിശ്വാസ്യതയുമില്ലെന്ന് വിദേശകാര്യ വന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയ വിദേശകാര്യ വക്താവ് നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്.
“അതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും വിശ്വാസ്യതയില്ലാത്തതുമായ ഇത്തരം സംഘടനകളിൽനിന്ന് നമ്മൾ വിട്ടുനിൽക്കണമെന്നാണ് ഞാൻ പറയുക.
ഇന്ത്യയുടെ ബഹുസ്വരമായ ചട്ടക്കൂടിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വത്തെ അംഗീകരിക്കാനോ യുഎസ്സിഐആർഎഫ് തയ്യാറാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല” – രൺദീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. ആർഎസ്എസ് മേധാവിയുടെ അമേരിക്കൻ സന്ദർശനത്തെ ശക്തമായി എതിർത്തുകൊണ്ട് യുഎസ്സിഐആർഎഫ് ചെയർമാനും പാക് വംശജനുമായ ആസിഫ് മഹ്മുദ് ആണ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന പ്രധാന ആവശ്യം മുന്നോട്ടുവെച്ചത്.
ആർഎസ്എസ് മത സ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളാണെന്നും സംഘടനയിലെ പ്രമുഖ നേതാക്കൾക്ക് യുഎസ് സർക്കാർ കർശന ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ വാദം. നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യക്കെതിരെയും വിവിധ സംഘടനകൾക്കെതിരെയും ഈ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്.
ഇന്ത്യയിൽ മതാചാര സ്വാതന്ത്ര്യ ലംഘനങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് യുഎസ്സിഐആർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ മുമ്പും വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ പ്രത്യേകമായി ആശങ്കപ്പെടേണ്ട
രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അവർ, ആർഎസ്എസിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും ഉപരോധം ഏര്പ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നൽകുന്നതായും അറിയിച്ചിരുന്നു.
അതേസമയം, ആർഎസ്എസ് മേധാവിയുടെ യുഎസ് സന്ദർശനത്തെ എതിർത്തുകൊണ്ട് രംഗത്തുവന്ന യുഎസ്സിഐആർഎഫ് നടപടിയെ അപലപിച്ച് അമേരിക്ക കേന്ദ്രീകരിച്ചുള്ള ഹിന്ദു പാക്ട് എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 29നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് യുഎസിലെ ന്യൂയോർക്കിൽ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

