കേരളത്തിൽ ഏറ്റവും കൂടുതൽ തടി വിൽപന നടക്കുന്ന പാലക്കാട് ടിംബർ സെയിൽസ് ഡിവിഷനിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസം കൊണ്ട് 25.93 കോടി രൂപയുടെ വിൽപന രേഖപ്പെടുത്തി. ഈ കാലയളവിൽ ആകെ 4544 ക്യുബിക് മീറ്റർ തടിയാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.
ഈ വർഷത്തെ മാസವಾರು ലേല കണക്കുകൾ ഇങ്ങനെയാണ്: ഏപ്രിലിൽ 6.99 കോടി, മേയിൽ 6.5 കോടി, ജൂണിൽ 6.1 കോടി, ജൂലൈയിൽ 6.23 കോടി എന്നിങ്ങനെയാണ് തടി ലേലത്തിലൂടെ ലഭിച്ച വരുമാനം. നിലവിൽ 4691 ക്യുബിക് മീറ്റർ മരങ്ങളാണ് പാലക്കാട് ടിംബർ ഡിവിഷന്റെ കൈവശം സ്റ്റോക്കുള്ളത്.
മാസത്തിൽ നാലു തവണയാണ് ഇവിടെ പതിവായി മരം ലേലം നടക്കാറുള്ളത്. അരുവാക്കോട്, നെടുങ്കയം, വാളയാർ എന്നിങ്ങനെ മൂന്നു പ്രധാന ഡിപ്പോകളാണ് പാലക്കാട് ടിംബർ ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്നത്.
ഇതിൽ 15 കോടിയോളം രൂപയുടെ വിൽപന വാളയാർ ഡിപ്പോയിൽ മാത്രമായി നടന്നു. ഇവിടെ നിന്നും 1930 ക്യുബിക് മീറ്റർ തടിയാണ് വിറ്റഴിച്ചത്.
നിലമ്പൂർ തേക്കിനോടു കിടപിടിക്കുന്ന അതേ ഗുണനിലവാരമുള്ള മലമ്പുഴ എലിവാൽ തേക്കുമരങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ സ്റ്റോക്കുണ്ട്. ഇവിടുത്തെ മരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഉരുപ്പടികളുടെ സവിശേഷമായ ഗുണമേന്മയും ഫിനിഷിങ്ങുമാണ് പാലക്കാട് ഡിപ്പോയിലെ തടികളെ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാക്കുന്നത്.
ഇതിനുപുറമെ ചന്ദനത്തിന്റെ ചില്ലറവിൽപനയിലും വൻ വർധനവാണുണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ 4 മാസങ്ങളിലായി 139 കിലോഗ്രാം ചന്ദനമാണ് വിൽപന നടത്തിയത്.
കഴിഞ്ഞവർഷം 338 കിലോഗ്രാം ചന്ദനവും അതിനു മുൻപത്തെ വർഷം 249 കിലോഗ്രാം ചന്ദനവുമാണ് വിറ്റിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായി 2.30 കോടി രൂപയുടെ തടികൾ വാങ്ങിയ തിരുപ്പൂർ വേലവൻ ടിംബേഴ്സ് അധികൃതരെ ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.വിജയാനന്ദൻ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

