ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്യും ടിവികെയും മലക്കംമറിഞ്ഞെന്ന കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നിലപാട് മാറ്റമുണ്ടായതെന്നാണ് ഡിഎംകെയുടെ ആരോപണം.
മണ്ഡല പുനർനിർണയ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും നേരത്തെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ലോക്സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു.
എന്നാൽ, സമാനമായ ആഴ്ചയിൽ തന്നെ മുഖ്യമന്ത്രി വിജയ്യും ടിവികെ സർക്കാരും തങ്ങളുടെ മുൻ നിലപാടുകളിൽ നിന്നും പിന്നോട്ടുപോയിരിക്കുകയാണെന്ന് ഡിഎംകെ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പ് നയം ചോദ്യം ചെയ്യുമോ അതോ മൗനം പാലിക്കുമോ എന്നും ഡിഎംകെ ഐടി സെൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ വെച്ച് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടയിലാണ് മുഖ്യമന്ത്രി വിജയ്യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഈ ചർച്ചയ്ക്ക് ശേഷമാണ് മണ്ഡല പുനർനിർണയ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും സമീപന മാറ്റമുണ്ടായെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കിയത്.
കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോഗം സംഘടിപ്പിക്കപ്പെട്ടത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക പ്രതിനിധികളാണ് ഈ യോഗത്തിൽ സന്നിഹിതരായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

