സംസ്ഥാനത്ത് ഓണപ്പൂ വിപണിയിൽ കനത്ത വിലക്കയറ്റമെന്ന് റിപ്പോർട്ട്. എൽനിനോ പ്രതിഭാസം മൂലം തമിഴ്നാട്ടിൽ മഴ കുറഞ്ഞതാണ് പൂക്കളുടെ ഉൽപാദനത്തെ സാരമായി ബാധിച്ചത്.
ഇതിന്റെ ഫലമായി ഇത്തവണത്തെ പൂക്കളം ഒരുക്കൽ ചെലവ് വൻതോതിൽ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടുക്കി ജില്ലയിലേക്ക് ആവശ്യമായ പൂക്കളിൽ ഭൂരിഭാഗവും എത്തിയിരുന്നത് തേനി ജില്ലയിലെ ശീലയംപെട്ടിയിൽ നിന്നായിരുന്നു.
തേനിയിലെ ഏറ്റവും വലിയ പൂപ്പാടങ്ങൾ സ്ഥിതി ചെയ്യുന്ന ശീലയംപെട്ടിയിൽ ഇത്തവണ മഴ ലഭ്യതക്കുറവ് മൂലം ഉൽപാദനം പകുതിയിൽ താഴെയായി കുറഞ്ഞു. ജലസേചന സൗകര്യമുള്ള ചുരുക്കം ചില കർഷകർ മാത്രമാണ് ഇത്തവണ കൃഷിയിറക്കാൻ തയ്യാറായത്.
ഓണക്കാലത്ത് ജില്ലയിലെ വ്യാപാരികളും വിവിധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം പൂക്കൾക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് ശീലയംപെട്ടി പൂ മാർക്കറ്റിനെയാണ്. മുൻ വർഷങ്ങളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി നിരവധിയാളുകളാണ് പൂക്കൾ വാങ്ങുന്നതിനായി ഇവിടെയെത്തിയിരുന്നത്.
എന്നാൽ ഉൽപാദനം ഇടിഞ്ഞതോടെ ഇത്തവണ ശീലയംപെട്ടി മാർക്കറ്റും സജീവമല്ല. തമിഴ്നാട്ടിലെ വിപണിയും ഇവിടുത്തെ വിപണിയും തമ്മിൽ പൂക്കളുടെ വിലയിൽ വലിയ അന്തരമാണുള്ളത്.
ശീലയംപെട്ടിയിൽ 1300 രൂപ വിലയുള്ള മുല്ലപ്പൂവിന് കേരളത്തിൽ 1600 രൂപ വരെയാണ് ഈടാക്കുന്നത്. വില കുതിച്ചുയർന്നതോടെ പലയിടത്തും മുഴം കണക്കിനാണ് മുല്ലപ്പൂവിന്റെ വിൽപന നടക്കുന്നത്.
ശീലയംപെട്ടിയിൽ അരളിക്കും ജമന്തിക്കും 400 രൂപ വിലയുള്ളപ്പോൾ ഇവിടെ അത് 450 രൂപയാണ്. വാടാമല്ലിക്ക് 150 മുതൽ 200 രൂപ വരെയാണ് വിപണി വില.
സാധാരണ റോസിന് ഇവിടെ 380 രൂപ ഈടാക്കുമ്പോൾ ശീലയംപെട്ടിയിൽ 200 രൂപ മാത്രമാണ് വില. ചെണ്ടുമല്ലി പൂവിന് നിറത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ശീലയംപെട്ടി മാർക്കറ്റിൽ മഞ്ഞ ചെണ്ടുമല്ലിക്ക് 100 രൂപയും ഓറഞ്ചിന് 120 രൂപയുമാണ് വില. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പൂക്കൾ എത്തിക്കുന്നതിനുള്ള ഉയർന്ന യാത്രാകൂലിയും മറ്റ് ചെലവുകളും കണക്കിലെടുക്കുമ്പോൾ വ്യാപാരികൾക്കും കാര്യമായ ലാഭം ലഭിക്കുന്നില്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

