കുറുപ്പംപടി മേഖലയിൽ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒഡീഷയിലെ നക്സൽ ഭീഷണിയുള്ള ഉൾപ്രദേശത്തുനിന്നും പൊലീസ് സാഹസികമായി മോചിപ്പിച്ചു. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളായ 13 വയസ്സുകാരിയെ ഈ മാസം 13-ാം തീയതി വൈകിട്ട് 6 മണിയോടെയാണ് കാണാതായത്.
തുടർന്ന് കുട്ടി താമസിച്ചിരുന്ന മേതല പ്രദേശത്തും സമീപ പാതകളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിധ വിവരങ്ങളും ലഭ്യമായിരുന്നില്ല. തുടർന്ന് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഇയാളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ അലോക് എന്ന യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഈ സുപ്രധാന തുമ്പ് പിന്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്.ദർശൻ നൽകിയ കർശന നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടത്.
പകൽ സമയത്ത് ഔദ്യോഗിക വാഹനങ്ങളിൽ നക്സൽ ബാധിത പ്രദേശത്തേക്ക് പ്രവേശിക്കുന്നത് അതീവ അപകടകരമാണെന്ന് ഒഡീഷ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് സായുധരായ കേരള പൊലീസ് സംഘം രാത്രി 12 മണിയോടെ കാട്ടുവഴികളിലൂടെ ഏകദേശം 40 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാണ് അലോക് ഒളിവിലായിരുന്ന ഗ്രാമത്തിലെ വീട് കണ്ടെത്തിയത്.
തുടർന്ന് ചെറിയ തോതിലുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ പ്രതിയെയും കാണാതായ പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി.പി.ഒമാരായ എൻ.പി ബിന്ദു, അരുൺ കെ.കരുണൻ, രജിത് രാം എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ റോഡ് മാർഗം 4,000 കിലോമീറ്ററിലധികം യാത്ര ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

