തിരുവനന്തപുരം: മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ അടിസ്ഥാനത്തിൽ പിഎസ്സി വഴി വീണ്ടും നിയമിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം.
മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തിയെയാണ്, പിഎസ്സി റാങ്ക് പട്ടികയുടെ വഴിയിലൂടെ സീനിയർ മാർക്കറ്റിങ് മാനേജർ പദവിയിൽ നിയമിക്കാൻ അണിയറനീക്കങ്ങൾ പുരോഗമിക്കുന്നത്.
നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഇദ്ദേഹമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഈ നിയമനനീക്കത്തിനെതിരെ ഇതിനോടകം തന്നെ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ട്.
നേരത്തെ സമാനമായ രീതിയിൽ പ്രവർത്തിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തിക യാതൊരുവിധ ഔദ്യോഗിക അനുമതികളുമില്ലാതെ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നുവെന്നാണ് കണ്ടെത്തൽ.
കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ഈ വ്യക്തിക്ക് പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് ശമ്പള ഇനത്തിൽ നൽകിയിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു.
ആന്വേഷണത്തിൽ കൃത്യമായ അനുമതികളില്ലാതെയാണ് ഈ തസ്തിക രൂപീകരിച്ചതെന്നും, നിയമനം ലഭിച്ചയാൾക്ക് പദവിക്ക് ആവശ്യമായ യോഗ്യതയില്ലെന്നും വ്യക്തമായി. ഇതേതുടർന്നാണ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
എന്നാൽ നിലവിൽ പിഎസ്സി വഴി സീനിയർ മാനേജർ പദവിയിലേക്ക് ഇതേ ഉദ്യോഗസ്ഥനെത്തന്നെ വീണ്ടും കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഈ നീക്കം നിയമന പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയ്ക്കും ക്ഷീരവികസന വകുപ്പിനും പുതിയ പരാതികൾ സമർപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

