തൊഴിലാളികൾക്കു വ്യാപകമായ നിയമപരിരക്ഷ നൽകിക്കൊണ്ടു വ്യവസായത്തെ നിർവചിച്ച 1978-ലെ വിധി പുതിയ സാഹചര്യത്തിൽ പൂർണ്ണമായി ബാധകമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ലേബർ കോഡുകളുടെ ഭാഗമായ വ്യവസായ ബന്ധ ചട്ടത്തിന് മുൻകാല വിധി ബാധകമാകില്ലെന്നാണ് 9 അംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടിനു മുൻപ് സുപ്രീം കോടതി നൽകിയ നിർവചനം നിലനിൽക്കുമെങ്കിലും, പുതിയ ലേബർ കോഡുകൾ വരുന്നതിനു മുൻപുള്ള കേസുകളിൽ മാത്രമേ ഇനി അതു ബാധകമാകൂ. എന്നാൽ, 2020 ലെ പുതിയ ചട്ടത്തിലെ നിർവചനം ആയിരിക്കും പുതിയ കേസുകളിൽ പരിഗണിക്കേണ്ടത്.
ഈ പുതിയ വ്യാഖ്യാനം കാരണം പല മേഖലകളും വ്യവസായമെന്ന നിർവചനത്തിനു പുറത്താകുമെന്നും, ഇത് വലിയൊരു വിഭാഗം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ഉള്ള ആശങ്കകൾ ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. 1978–ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സൂവിജ് ബോർഡിന്റെ കേസിൽ വ്യവസായത്തിന് വിപുലമായ നിർവചനം നൽകിക്കൊണ്ട് ജസ്റ്റിസ് വി.ആർ.
കൃഷ്ണയ്യരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് ഇതുവരെ ഈ വിഷയത്തിൽ ആധാരമായിരുന്നത്. സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവർത്തനം, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കൂട്ടായ പ്രവർത്തനം, മനുഷ്യരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന സാധന സേവനങ്ങളുടെ ഉൽപാദനം എന്നീ 3 ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘ട്രിപ്പിൾ ടെസ്റ്റ്’ അന്നു കൃഷ്ണയ്യർ നിർദേശിച്ചിരുന്നു.
ഈ വിപുലമായ നിർവചന പ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും വ്യവസായ തർക്ക നിയമത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നു. തൊഴിൽമേഖലയിലെ ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് വലിയൊരു തുണയായിരുന്നു.
എന്നാൽ പുതിയ ചട്ടത്തിലെ വ്യാഖ്യാനമാണ് ഇപ്പോൾ വ്യവസായത്തെ നിർവചിക്കുന്നതിനായി അവലംബിക്കുന്നത്. നേരത്തേ അന്തിമമാക്കിയ കേസുകളെ പുതിയ വ്യാഖ്യാനം ബാധിക്കില്ല.
വ്യവസായ തർക്ക നിയമ പ്രകാരമുള്ള കോടതികൾ, ട്രൈബ്യൂണലുകൾ, തൊഴിൽ അധികാരികൾ എന്നിവയ്ക്കു മുന്നിൽ നിലവിലുള്ള കേസുകളിൽ പഴയ 1978 ലെ ട്രിപ്പിൾ ടെസ്റ്റ് പ്രകാരമായിരിക്കും അന്തിമ തീരുമാനമെടുക്കുക. 2005 ൽ യുപി സർക്കാരും ജയ്ബിർ സിങ്ങും തമ്മിലുള്ള കേസിൽ, 1978 ൽ കോടതി നൽകിയത് വിശാല അർഥത്തിലുള്ള നിർവചനം മാത്രമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
തുടർന്ന് 2017–ലാണ് ഈ വിഷയം 9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്. തുറന്ന കോടതിയിൽ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എഴുതിയ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, അലോക് ആരാധെ, വിപുൽ എം. പഞ്ചോളി എന്നിവർ യോജിപ്പ് പ്രകടിപ്പിച്ചു.
എന്നാൽ സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും വ്യാപിച്ച ആധുനിക സാഹചര്യത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ 1978 ലെ വിശാലമായ നിർവചനം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജനവിധിയാണ് എഴുതിയത്.
നാലപതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന നിർവചനത്തിൽ മാറ്റം വരുത്തുന്നത് നിയമരംഗത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും അതുവഴി വ്യവസായരംഗത്തെ സമാധാനം തന്നെ തകർക്കുമെന്നും ജസ്റ്റിസ് നാഗരത്ന ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ പോലും അതിന്റെ സ്വഭാവമനുസരിച്ച് വ്യവസായത്തിന്റെ പരിധിയിൽ ഉൾപ്പെടാമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വ്യാഖ്യാനമാണ് ഇപ്പോഴും ശരിയെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

