അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ മുൻ കായികമന്ത്രി വി.
അബ്ദുറഹിമാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു. സംസ്ഥാനത്ത് സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതം അറിയിച്ചുവെന്ന് അവകാശപ്പെട്ട് 2024 ഫെബ്രുവരി 2നു മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ച കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അർജന്റീനയിൽനിന്ന് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് വി. അബ്ദുറഹിമാൻ ടീമിന്റെ കേരള സന്ദർശനം പ്രഖ്യാപിച്ചത്.
അന്നത്തെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിനു കൈമാറിയ ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും സംഘവും ടീമിനെ ഔദ്യോഗികമായി ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്കായി സ്പോൺസറെ കണ്ടെത്തിയതും. മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയും തമ്മിൽ നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പുകളും ഇതിനൊപ്പം ലഭ്യമായിട്ടുണ്ട്.
എന്നാൽ ഈ സന്ദേശങ്ങളിൽ ഒന്നിടത്തുപോലും കേരളം സന്ദർശിക്കുമെന്ന് അർജന്റീന ടീം ഉറപ്പുനൽകിയിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ രണ്ടു വർഷമായി എഎഫ്എ പ്രതിനിധികളുമായി വി.
അബ്ദുറഹിമാൻ തന്റെ വ്യക്തിഗത ഇ–മെയിൽ മുഖേനയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇതിൽ ചില കത്തുകൾ പിന്നീട് ഫയലുകളിൽ ഉൾപ്പെടുത്തിയെങ്കിലും ഭൂരിഭാഗം രേഖകളും നിലവിൽ ലഭ്യമല്ല.
അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ കരാറോ ധാരണാപത്രമോ കായികവകുപ്പിന്റെ പക്കൽ ലഭ്യമല്ലെന്ന് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും, ഇത് ഈടാക്കുന്നതിൽ നാല് ജിഎസ്ടി ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് ജിഎസ്ടി കമ്മിഷണർക്ക് സമർപ്പിച്ചു.
ഈ റിപ്പോർട്ട് ഉടൻതന്നെ മുഖ്യമന്ത്രിക്കും കൈമാറും. രണ്ടാം പിണറായി സർക്കാരിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന പ്രമുഖ രാഷ്ട്രീയക്കാർക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടോയെന്നറിയാൻ സമഗ്രമായ അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.
സ്പോൺസർ വിദേശത്തേക്ക് അയച്ച 126 കോടി രൂപയ്ക്ക് 22.6 കോടി രൂപ നികുതിയാണ് അടക്കേണ്ടിയിരുന്നത്. അർജന്റീന ടീം കേരളത്തിൽ എത്താതിരുന്നതിനാൽ ഈ നികുതിത്തുക സ്പോൺസർക്ക് ഇളവ് ലഭിക്കും.
എങ്കിലും, നിശ്ചിത സമയത്തിന് മുൻപ് അടയ്ക്കേണ്ടിയിരുന്ന നികുതിയുടെ പിഴയും പലിശയും സ്പോൺസർ നൽകേണ്ടിവരും. കൂടാതെ ലീഗൽ ഫീസിന്റെ ജിഎസ്ടിയും പണം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബാധ്യതയുള്ള മറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ജിഎസ്ടിയും സ്പോൺസർ അടയ്ക്കേണ്ടതാണ്.
ഈ വിഷയത്തിൽ തുടർന്ന് എന്തുനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പാണ് തീരുമാനിക്കേണ്ടത്.
ജിഎസ്ടി വകുപ്പിന്റെ അധികാരപരിധിയിൽ വരാത്ത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവ ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) കൈമാറുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

