ദുരന്തമുഖങ്ങളില്‍ ജീവന് പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് കരുതലേകാന്‍ പുതിയ കണ്ടുപിടുത്തവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പ് ഗ്രീന്‍വാലി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ‘റെസ്ക്യൂ റോവര്‍’ സുരക്ഷാഉപകരണം നിര്‍മ്മിച്ച് ശ്രദ്ധേയരായിരിക്കുന്നത്.
തങ്ങളുടെ കണ്ടുപിടിത്തം മുക്കം ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് സേനാംഗങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുകയും ഉദ്യോഗസ്ഥരുടെ ജീവന് തന്നെ അപകടത്തിലാവുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ ഇത്തരമൊരു ചിന്തയിലേക്കെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
അധ്യാപകരുടെ പിന്തുണയോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടത്തിയ പഠനങ്ങള്‍ക്കും അധ്വാനത്തിനുമൊടുവിലാണ് ഇവര്‍ റെസ്ക്യൂ റോവര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ക്യാമറ, വിവിധ തരം ഡിറ്റക്ടറുകള്‍, റോബോട്ടിക് ആംസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ അടങ്ങിയതാണ് ഈ ഉപകരണം.
അപകടമേഖലകളില്‍ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത വിടവുകളിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും ഈ ഉപകരണത്തിന് എത്തിച്ചേരാനാകുമെന്ന് ഇവര്‍ പറയുന്നു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മന്നാഹ് ഹംസ, ഹാഷിക് ബിന്‍ ഹബീബ്, മുഹമ്മദ് തമീം, മുഹമ്മദ് സഹല്‍ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഉപകരണത്തിന് ഇനി വരുത്തേണ്ട മാറ്റങ്ങളെയും അപ്ഡേഷനുകളെയും കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയ വിദ്യാര്‍ത്ഥികളെ മുക്കം ഫയര്‍ ഓഫീസര്‍ ഇ.കെ അബ്ദുല്‍ സലീം അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

