രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷാ രംഗത്തിന് പുതിയ ദിശാബോധം പകരുന്നതിനായി പ്രഖ്യാപിച്ച കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി (KCSS) 2026 സെപ്റ്റംബര്‍ 5-ന് കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലില്‍ വെച്ച് അരങ്ങേറും. ‘നിര്‍മിത ബുദ്ധിയുടെ കാലത്തെ സൈബര്‍ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ കേന്ദ്രാശയമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒറാക്കിള്‍, ആമസോണ്‍ വെബ് സര്‍വീസസ് (AWS), ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സിസ്കോ, സീസ്കെലെര് തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ബ്രഹത് സംരംഭം സംഘടിപ്പിക്കുന്നത്. എഫ്9 ഇന്‍ഫോടെക്കിന്റെ (F9 Infotech) നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും (KSUM) പിന്തുണയോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഡി.എസ്.സി.ഐ (DSCI), ടൈ കേരള, കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് (CCCI) എന്നിവയും ഉച്ചകോടിയുടെ ഔദ്യോഗിക പങ്കാളികളാണ്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
ഹൈബി ഈഡന് (പാര്‍ലമെന്റ് അംഗം), മനോജ് എബ്രഹാം, ഐ.പി.എസ് (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്), പ്രിയങ്ക ജി, ഐ.എ.എസ് (എറണാകുളം ജില്ലാ കളക്ടര്‍), ഡോ. സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല കേരള), വിനായക് ഗോഡ്സെ (സി.ഇ.ഒ, ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ), ലെഫ്റ്റനന്റ് ജനറല്‍ മാധവന് ഉണ്ണികൃഷ്ണന് നായര്‍ (റിട്ട.) (മുന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍, ഭാരത സര്‍ക്കാര്‍) തുടങ്ങിയ പ്രമുഖരടക്കം ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തത്സമയ എ.ഐ അറ്റാക്ക് സിമുലേഷനുകളും പ്രത്യേക ടെക്നിക്കല്‍ മാസ്റ്റര്‍ ക്ലാസുകളും ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. ഇന്ത്യന്‍ സൈബര്‍ സുരക്ഷാ രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി പ്രഥമ കെ.സി.എസ്.എസ് സൈബര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ 2026 ഉച്ചകോടിയുടെ ഭാഗമായി സമ്മാനിക്കും.
അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരങ്ങളിലേക്ക് ഓഗസ്റ്റ് 21 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. സൈബര്‍ സെക്യൂരിറ്റി ലീഡര്‍ ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി ഇന്നൊവേഷന് അവാര്‍ഡ്, സൈബര്‍ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
ഡിജിറ്റല്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ കേരളത്തെ മുന്നിലെത്തിക്കുന്നതിനും, ആഗോള ഭൂപടത്തില്‍ കൊച്ചിയെ പ്രമുഖ ടെക് ഹബ്ബായി ഉയര്‍ത്തിക്കാട്ടുന്നതിനും ഉച്ചകോടി ലക്ഷ്യമിടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ F9 ഇന്‍ഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയകുമാര്‍ മോഹനചന്ദ്രന്, ചീഫ് ടെക്നോളജി ഓഫീസര്‍ രാജേഷ് രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

