തിരുവനന്തപുരം ജില്ലയിലെ പനവൂരിൽ ഒന്നര വയസ്സുകാരനായ അർഷിദ് ക്രൂരമായി മർദിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങളുമായി കുറ്റപത്രം പുറത്ത്.
കുട്ടിയുടെ ശരീരത്തിൽ ആകെ 96 മുറിവുകൾ ഉണ്ടായിരുന്നതായി നെടുമങ്ങാട് എസ്സി, എസ്ടി കോടതിയിൽ സമർപ്പിച്ച 78 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ.അഷ്കർ എന്നിവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം പ്രതിയായ അഷ്കറിനെതിരെ എസ്സി, എസ്ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് 29ന് വൈകിട്ടാണ് അവശനിലയിലായ കുഞ്ഞിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും അഷ്കർ എത്തിച്ചത്.
ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്ത് കുഞ്ഞ് അവശനായെന്നായിരുന്നു ഇയാൾ പൊലീസിന് നൽകിയ പ്രഥമ മൊഴി.
എന്നാൽ മരണത്തിലെ അസ്വഭാവികത മനസ്സിലാക്കി പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളും ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലും ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
തലയിലേറ്റ മാരകമായ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീ പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും പീഡിപ്പിച്ചുവെന്ന് അഷ്കർ കുറ്റസമ്മതം നടത്തി.
കുട്ടി തനിക്ക് ബാധ്യതയാകുമെന്ന ഭയത്താലാണ് തുടർച്ചയായി മർദിച്ചതെന്നും കൊലപ്പെടുത്തുക2 ലക്ഷ്യമായിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അമ്മ അഖില നൃത്ത പരിപാടിക്കായി തമിഴ്നാട്ടിൽ പോയ സമയത്തായിരുന്നു ഈ ക്രൂരതകൾ നടന്നത്.
എന്നാൽ അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് അമ്മ അഖില ചന്ദ്രൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനെ തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരിക്കെ ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയിരുന്നു.
പിന്നീട് കുഞ്ഞ് ജനിച്ച ശേഷവും അമ്മയ്ക്കൊപ്പമായിരുന്നു താമസം. അതിനുശേഷമാണ് അഖില ഡ്രൈവറായ അഷ്കറിനൊപ്പം വാടകവീട്ടിലേക്ക് താമസം മാറിയത്.

