കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടന്ന കർശന പരിശോധനയ്ക്കിടെ മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. അസം നൗഗാൺ സ്വദേശിയായ സൈദുൽ ഇസ്ലാം (26) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അസമിൽ നിന്നും ട്രെയിൻ മാർഗം വൈകിട്ടോടെയാണ് ഇയാൾ ആലുവയിൽ എത്തിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പരിശോധന വ്യാപിച്ചതായി മനസ്സിലാക്കിയ പ്രതി, കൈവശമുണ്ടായിരുന്ന ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സംഭവദിവസം രാത്രിയിലെ ട്രെയിനിൽ തന്നെ ഇയാൾ സ്വന്തം നാടായ അസമിലേക്ക് തന്നെ തിരികെ രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് പൊലീസ് നടത്തിയ വിശദമായ സിസിടിവി പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും കരിമുകൾ ഭാഗത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു.
അസമിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു, എഎസ്ഐമാരായ കെ.എ.
നൗഷാദ്, സി.എ. നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പി.എസ്.
സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

