തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിൽ നടുക്കുന്ന കൊലപാതകം. വീൽചെയറിലായ 71 കാരിയായ അമ്മയെ പരിചരിക്കാനുള്ള മടിയെത്തുടർന്ന് മകൻ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.
എസ്. പദ്മാവതിയാണ് കൊല്ലപ്പെട്ടത്.
ഈ ക്രൂരകൃത്യം ചെയ്തത് 44 കാരനായ മകൻ പാർഥസാരഥിയാണ്. മനവൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുപോകുമ്പോഴാണ് ഇയാൾ അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ടത്.
കൊല്ലപ്പെട്ട പദ്മാവതിക്ക് ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖം ഉണ്ടായിരുന്നു.
ട്രാക്കിലേക്ക് വീണ പദ്മാവതി സംഭവസ്ഥലത്ത് തന്നെ ജീവനറ്റുവീണു. ഇവരുടെ ഛേദിക്കപ്പെട്ട
നിലയിലുള്ള ശരീരവും വീൽചെയറും ട്രാക്കിൽ കണ്ടത് യാത്രാക്കാരാണ്. തുടർന്ന് ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതിയുടെ ഭർത്താവ് 2007 ൽ അന്തരിച്ചിരുന്നു. തുടർന്ന് ഭർത്താവിനു ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെൻഷനാണ് പദ്മാവതിയുടെ ഏക ആശ്രയം.
മൂന്ന് മക്കളുള്ള പദ്മാവതിയെ നോക്കിയിരുന്നത് ഇളയ മകനായ പാർഥസാരഥി ആയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പദ്മാവതിയെ ഓഗസ്റ്റ് 6 ന് തിരുവള്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് 16-ാം തീയതിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പദ്മാവതിയെ പാർഥസാരഥി മനവൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് ഇയാൾ കയറ്റിയത്. തുടർന്ന് വൈകുന്നേരം 7 മണിയോടെ യേലഗിരി എക്സ്പ്രസ് സ്റ്റേഷൻ കടന്നുപോകുന്നതിനിടെ അമ്മയെ ട്രാക്കിലേക്ക് തള്ളിയിടുകയും ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പാർഥസാരഥിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ പ്രതി പിടിയിലായി.

