ഒല്ലൂർ സെന്ററിൽ ഓണാഘോഷത്തോടനുബന്ധിച്ച് തിരക്ക് വർധിച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക് അതീവ രൂക്ഷമായി. വ്യവസായ എസ്റ്റേറ്റ് മുതൽ പനംകുറ്റിച്ചിറ കുളം വരെ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്.
സെന്ററിനോടു ചേർന്നുള്ള ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ചില ദിവസങ്ങളിൽ അര മണിക്കൂറോളം സമയമെടുക്കുന്ന സാഹചര്യമാണുള്ളത്. പാലയ്ക്കൽ മേഖലയിൽ കോൺക്രീറ്റ് റോഡ് നിർമാണം പുരോഗമിക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയാക്കി ചുരുക്കിയിരുന്നു.
ഇതിനുപുറമെ ചേർപ്പ് മേഖലയിൽ നിന്നു തൃശൂരിലേക്കുള്ള മുഴുവൻ വാഹനങ്ങളും ഒല്ലൂർ വഴി തിരിച്ചുവിട്ടതോടെയാണ് കുരുക്ക് പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത വിധം മാറിയത്. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും വരി തെറ്റിച്ച് സഞ്ചരിക്കുന്നത് പ്രതിസന്ധി കൂടുതൽ വഷളാക്കുന്നുണ്ട്.
വാഹനങ്ങളുടെ നീണ്ട നിരയ്ക്കിടയിലൂടെ ദിശ തെറ്റിച്ചു വാഹനങ്ങൾ ഓടിക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.
അത്യാസന്ന രോഗികളുമായി എത്തുന്ന ആംബുലൻസുകളെയും ഈ ഗതാഗതക്കുരുക്ക് ഗുരുതരമായി ബാധിച്ചുതുടങ്ങി. രാവിലെയും വൈകിട്ടും ഉണ്ടാകുന്ന കുരുക്ക് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത് വിദ്യാർഥികളെയും വിവിധ ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവരെയുമാണ്.
കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാൻ മാറിവരുന്ന സർക്കാരുകൾ പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവും കണ്ടിട്ടില്ല.
ഒല്ലൂർ പൊലീസിന്റെ ഭാഗത്തുനിന്നും ഗതാഗതം സുഗമമാക്കാൻ നിരന്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിട്ടില്ല. ബസുകളും കാറുകളും അടക്കമുള്ള വാഹനങ്ങൾ നിര തെറ്റിച്ചു വന്ന് ഉണ്ടാക്കുന്ന തടസ്സങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
മരത്താക്കര, കുട്ടനെല്ലൂർ ഭാഗങ്ങളിൽ നിന്നു തൃശൂരിലേക്ക് പോകുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഗ്രാമോദ്ധാരണം റോഡ്, പനംകുറ്റിച്ചിറ കുളം വഴി തിരിച്ചുവിടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

