ദീർഘദൂര യാത്രക്കാർക്കായി കൂടുതൽ സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് ഈ നൂതന സർവീസ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഈ പുതിയ യാത്രാസൗകര്യത്തിനായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളായ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.30-ന് പുറപ്പെടുന്ന സർവീസ്, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ 9.45-ഓടെ എറണാകുളത്ത് എത്തിച്ചേരും. തുടർന്ന് മടക്കയാത്രയായി വൈകിട്ട് 5.30-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച് രാത്രി 9.45-ഓടെ ബസ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യാത്രക്കാർക്ക് ബിസിനസ് ക്ലാസ് അനുഭൂതി സമ്മാനിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളുമാണ് ഈ ബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആകെ 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ഈ വോൾവോ ലക്ഷ്വറി ബസിലുള്ളത്.
ഓരോ യാത്രികനും പ്രത്യേകമായി വ്യക്തിഗത വിനോദ സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ മിനി റഫ്രിജറേറ്റർ, കോഫി മേക്കർ എന്നിവ അടങ്ങിയ പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെ അത്യാധുനിക ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമേ, ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ യാത്രികർക്ക് ഉറപ്പാക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരെയും സർവീസിൽ നിയോഗിച്ചിട്ടുണ്ട്.
ഡ്രൈവർ കം കണ്ടക്ടർമാർക്ക് ബസിന്റെ പ്രവർത്തനക്രമങ്ങൾ, സുരക്ഷാ മുൻകരുതലുകൾ, അത്യാഹിത ഘട്ടങ്ങളിലെ ഇടപെടലുകൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, യാത്രക്കാരോട് പെരുമാറേണ്ട
വിധം, അടിയന്തര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ ബസ് ഹോസ്റ്റസുമാരുടെ സേവനവും ഈ സർവീസിലുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ കൂടുതൽ എളുപ്പത്തിൽ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് വഴി ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി 9447071021 എന്ന നമ്പറിലേക്ക് ‘Hai’ എന്ന് സന്ദേശം അയച്ചുകൊണ്ട് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതു കൂടാതെ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് പ്രധാന റിസർവേഷൻ കൗണ്ടറുകൾ എന്നിവയിലൂടെയും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

