ഉത്തര മലബാറിന്റെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, ഇത്തവണത്തെ ഓണാഘോഷത്തിനായി നാട്ടിലെത്തുന്ന കാസർകോട് ജില്ലയിലെ പ്രവാസികൾക്കും പുറംനാടുകളിൽ ജോലി ചെയ്യുന്നവർക്കും യാത്ര ദുരിതപൂർണ്ണമാകുന്നു. ട്രെയിൻ, ബസ്, വിമാനം തുടങ്ങി എല്ലാ യാത്രാമാർഗ്ഗങ്ങളിലും ടിക്കറ്റ് ലഭിക്കാത്തതും നിരക്കിലെ അമിത വർദ്ധനവുമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
അന്തർ-ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കിൽ അമ്പത് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്നവർക്കായി അവധിക്കാലത്ത് ആവശ്യത്തിന് യാത്രാ സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ആഴ്ചകൾക്ക് മുൻപ് തന്നെ ട്രെയിൻ, ബസ് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു. മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തിലെ അപര്യാപ്തതയും സാധാരണക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്നുണ്ട്.
രാവിലെ 11.05-ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസിന് ശേഷം ഉച്ചയ്ക്ക് 1.55-ലെ ചെന്നൈ മെയിലും, 2.20-ലെ തിരുവനന്തപുരം എക്സ്പ്രസുമാണ് അടുത്ത ആശ്രയം. പിന്നീട് വൈകിട്ട് 4.55-ലെ ചെന്നൈ സൂപ്പർഫാസ്റ്റ് വരെ മറ്റ് ട്രെയിനുകളില്ല.
വൈകുന്നേരങ്ങളിൽ 5.05-ന് കണ്ണൂർ പാസഞ്ചറും, 5.40-ന് മാവേലി എക്സ്പ്രസും, 6.15-ന് മലബാർ എക്സ്പ്രസുമാണുള്ളത്. ഇതിനുശേഷമുള്ള അടുത്ത ഡെയ്ലി സർവീസ് രാത്രി 11.45-ലെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ്.
തിരക്കേറിയ ഈ ഓണക്കാലത്ത് ഈ സർവീസുകളിലൊക്കെ ടിക്കറ്റ് തരപ്പെടുത്തുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. ആഘോഷങ്ങൾ കഴിഞ്ഞ് മടക്കയാത്ര നടത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.
ജനറൽ കംപാർട്മെന്റുകളിൽ പോലും കവിഞ്ഞുകവിയുന്ന തിരക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി ബസ് സർവീസുകളെ ആശ്രയിക്കുന്നവരുടെയും അവസ്ഥ ദുരിതമയം തന്നെയാണ്.
കോട്ടയം റൂട്ടിലേക്ക് പരിശോധിച്ചാൽ വൈകിട്ട് 5 മണിക്ക് ശേഷം ആകെ 5 ബസുകൾ മാത്രമാണുള്ളത്. ഇതിൽ മിന്നൽ സെമി സ്ലീപ്പർ, എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ്, രണ്ട് സൂപ്പർ ഫാസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
പാലാ, കൊല്ലം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ തുടങ്ങിയ വിവിധ റൂട്ടുകളിലേക്കും പരിമിതമായ സർവീസുകൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗൾഫ് നാടുകളിൽ നിന്ന് അവധിക്കക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളും കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്.
ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 15 വരെയുള്ള അവധിക്കാലത്ത് എയർലൈൻ കമ്പനികൾ വൻ തുകയാണ് ഈടാക്കുന്നത്. സാധാരണ സമയങ്ങളിൽ 12,000 മുതൽ 25,000 രൂപ വരെയായിരുന്ന നിരക്ക് നിലവിൽ 65,000 രൂപ വരെ ഉയർന്നിട്ടുണ്ട്.
യുദ്ധകാലത്തെ ഇന്ധനവില വർദ്ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പോലും അധിക തുക നൽകേണ്ടി വരുന്ന പ്രതിസന്ധിയുണ്ട്.
28,000 മുതൽ 38,000 രൂപ വരെ നൽകി ടിക്കറ്റെടുത്തവരോട് 7,000 രൂപ അധികമടയ്ക്കാനോ അല്ലെങ്കിൽ തുക റീഫണ്ട് വാങ്ങി മടങ്ങാനോ ആണ് അധികൃതർ ആവശ്യപ്പെടുന്നത്. ഓണം കഴിഞ്ഞ് മടക്കയാത്രയ്ക്കായി 55,000 മുതൽ 75,000 രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
മറ്റ് വിമാനത്താവളങ്ങൾ വഴി എത്തിച്ചേരാൻ ശ്രമിച്ചാലും ട്രെയിൻ ടിക്കറ്റില്ലാത്തതും ബസുകളിലെ ഉയർന്ന നിരക്കും യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

