ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആനകളുടെ എഴുന്നള്ളിപ്പ് ക്ഷേത്ര വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്നു കേരളത്തിലെ ക്ഷേത്ര ഭരണസമിതികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം.
മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈ ഹർജിയിൽ പരിഗണിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. കേരളത്തിലെ നാട്ടാനകൾക്കു തിരിച്ചറിയൽ ടാഗുകൾ നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ.
പരമേശ്വർ അറിയിച്ചു. നാട്ടാനകളുടെ ആരോഗ്യപരിപാലനത്തിനു പ്രത്യേക സൗകര്യമുള്ള ക്ലിനിക്കുകൾ സജ്ജമാക്കണമെന്നും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നിർബന്ധമാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
ഓരോ നാട്ടാനയ്ക്കും പ്രത്യേകം മെഡിക്കൽ രേഖ സൂക്ഷിക്കണം. നാട്ടനകളുടെ പരിപാലനം, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിലാണു മാർഗനിർദേശം പുറപ്പെടുവിച്ചത്.
സ്വകാര്യ വ്യക്തികൾ, ക്ഷേത്രങ്ങൾ, സർക്കസ് സ്ഥാപനങ്ങൾ, വനംവകുപ്പ്, മൃഗശാലകൾ, പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കു കീഴിൽ തുടരുന്ന ആനകൾക്കു ശാസ്ത്രീയവും മികച്ചതുമായ പരിപാലനം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി നിരീക്ഷിച്ചു. സ്വീകരിച്ച നടപടി വ്യക്തമാക്കി തൽസ്ഥിതി റിപ്പോർട്ട് നൽകണം.
നാട്ടാനകളുടെ ഡിഎൻഎ പരിശോധിച്ച് വിവരം Gaj Suchna എന്ന ജനിതക ഡേറ്റ ബേസിൽ ചേർക്കാനും ഉത്തരവിൽ ആവശ്യപ്പെടുന്നു. അതേസമയം, പുതുതായി ആനകളെ തടവിലാക്കി നാട്ടിലേക്കു കൊണ്ടുവരുന്നതു പൂർണമായി നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആനക്കുട്ടികളെ കണ്ടെത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ആവശ്യം ഉന്നയിച്ചത്.
രാജ്യത്താകെ നിലവിൽ 2,725 നാട്ടാനകളുണ്ടെന്നാണു കാപ്റ്റീവ് എലിഫന്റ് ഹെൽത്ത്കെയർ ആൻഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018–ൽ ഇത് 2675 ആയിരുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ് ഏറ്റവും കൂടുതലുള്ളത്–1,678.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

