ഇറാനെതിരെയുള്ള യുദ്ധം അമേരിക്കയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. യുദ്ധച്ചെലവ് ക്രമാതീതമായി വർധിച്ചതും ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് പണപ്പെരുപ്പം കുതിച്ചുയർന്നതുമാണ് യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരിക്കുന്നത്.
ട്രംപ് സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കിയ നിക്ഷേപകർ, മുൻകരുതലിന്റെ ഭാഗമായി കടപ്പത്രങ്ങൾ (ബോണ്ടുകൾ) വൻതോതിൽ വിറ്റൊഴിയുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈ പ്രതിസന്ധിയുടെ ഭാഗമായി ട്രംപ് സർക്കാരിന്റെ 30-വർഷ ട്രഷറി ബോണ്ട് യീൽഡ് 5.3% ഭേദിച്ച് കഴിഞ്ഞ 19 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ജനങ്ങളുടെ ഭവന, വാഹന വായ്പാ പലിശകളെയും ക്രെഡിറ്റ് കാർഡ് പലിശകളെയും നേരിട്ട് സ്വാധീനിക്കുന്ന 10-വർഷ ബോണ്ട് യീൽഡ് 4.7 ശതമാനവും കടന്നിട്ടുണ്ട്. ഇതിനുപുറമേ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഹ്രസ്വകാല പലിശനിരക്കിനെ നിയന്ത്രിക്കുന്ന 2-വർഷ ബോണ്ട് യീൽഡ് 4.18 ശതമാനത്തിലെത്തി നിൽക്കുകയാണ്.
സാധാരണയായി ബോണ്ട് വിലയും ബോണ്ട് യീൽഡും (കടപ്പത്രത്തിൽ നിന്നുള്ള ആദായനിരക്ക്) വിപരീത ദിശയിലാണ് പ്രവർത്തിക്കുന്നത്. ബോണ്ട് വില വർധിക്കുമ്പോൾ യീൽഡ് കുറയുകയും, വില താഴേക്ക് പോകുമ്പോൾ യീൽഡ് ഉയരുകയും ചെയ്യും.
നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ബോണ്ടുകൾ കൂട്ടത്തോടെ വിറ്റൊഴിയുന്നതിനാൽ, യുഎസ് സർക്കാരിന്റെ ബോണ്ടുകളോടുള്ള വിപണിയുടെ താൽപ്പര്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതാണ് യീൽഡ് കുത്തനെ ഉയരാൻ കാരണം.
അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്ന വൻകിട രാജ്യങ്ങളായ ചൈന, ജപ്പാൻ, യുകെ എന്നിവയും തങ്ങളുടെ നിക്ഷേപങ്ങൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
ചൈന തങ്ങളുടെ നിക്ഷേപം 659.3 ബില്യൻ ഡോളറിൽ നിന്ന് 633.4 ബില്യനിലേക്കാണ് ചുരുക്കിയിരിക്കുന്നത്. 2008-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ചൈനീസ് നിക്ഷേപമാണിത്.
അതുപോലെ, ജപ്പാന്റെ നിക്ഷേപം 1.14 ട്രില്യനിൽ നിന്ന് 1.12 ട്രില്യൻ ഡോളറായും, യുകെയുടേത് 948.6 ബില്യനിൽ നിന്ന് 939.9 ബില്യൻ ഡോളറായും കുറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം, യുഎസ് ട്രഷറിയിലെ ആകെ വിദേശ നിക്ഷേപം മെയ് മാസത്തിലെ 9.371 ട്രില്യൻ ഡോളറിൽ നിന്ന് 9.299 ട്രില്യൻ ഡോളറായി താഴ്ന്നതായി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

