കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്ലി’ യോജനയിൽ മികച്ച മുന്നേറ്റവുമായി കേരളം. രാജ്യത്താകെ 52.18 ലക്ഷം വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി പുരപ്പുറത്ത് സോളർ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്.
ഇതിനായി ആകെ 29,328.92 കോടി രൂപയാണ് സബ്സിഡിയായി അനുവദിച്ചിട്ടുള്ളത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സൗരോർജ്ജം പ്രയോജനപ്പെടുത്തുന്ന വീടുകളുടെ എണ്ണം കേരളത്തിൽ ഇതിനോടകം മൂന്ന് ലക്ഷം പിന്നിട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3.31 ലക്ഷം വീടുകളാണ് പുരപ്പുറ സോളർ പദ്ധതിയിലൂടെ പ്രയോജനം നേടിയിരിക്കുന്നത്. ഇവർക്ക് 2140.1 കോടി രൂപ സബ്സിഡിയായും ലഭ്യമായിട്ടുണ്ട്.
വീടുകളുടെ എണ്ണത്തിലും ആകെ സബ്സിഡി തുകയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ്. ദേശീയതലത്തിൽ നോക്കുമ്പോൾ കേരളത്തിന് നാലാം സ്ഥാനമാണുള്ളത്.
ദക്ഷിണേന്ത്യയിൽ കേരളത്തിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് ആന്ധ്രാപ്രദേശാണ്. ആന്ധ്രയിൽ 3.20 ലക്ഷം വീടുകളിൽ സോളർ പാനലുകൾ സ്ഥാപിച്ചപ്പോൾ 1656.3 കോടി രൂപയാണ് സബ്സിഡിയായി നൽകിയത്.
തമിഴ്നാട്ടിൽ 1.06 ലക്ഷം വീടുകൾ മാത്രമാണ് ഇതുവരെ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്; ലഭിച്ച സബ്സിഡി തുകയാകട്ടെ 595.97 കോടി രൂപയും. തെലങ്കാനയിൽ 74,594 കുടുംബങ്ങൾ 348.72 കോടി രൂപയും കർണാടകയിൽ 36,812 കുടുംബങ്ങൾ 173.22 കോടി രൂപയും മാത്രമാണ് സബ്സിഡി ഇനത്തിൽ നേടിയത്.
കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംസ്ഥാനങ്ങളെല്ലാം ഏറെ പിന്നിലാണ്. ലക്ഷദ്വീപിൽ 1229 വീടുകളിലും പുതുച്ചേരിയിൽ 5271 വീടുകളിലും പദ്ധതി പ്രകാരം സോളർ സ്ഥാപിച്ചിട്ടുണ്ട്.
യഥാക്രമം 9.98 കോടി രൂപയും 33.63 കോടി രൂപയുമാണ് ഇവിടെ അനുവദിച്ച സബ്സിഡി. കേരളത്തിന്റെ മാതൃക പിന്തുടർന്ന് മുന്നേറാനാണ് തമിഴ്നാടിന്റെ ശ്രമം.
നിലവിൽ കേരളത്തിൽ 2500 മെഗാവാട്ടിൽ അധികമാണ് സോളർ വൈദ്യുത ഉൽപാദനശേഷി. ഇതിൽ 2036 മെഗാവാട്ടും ലഭിക്കുന്നത് പുരപ്പുറ സോളർ പ്ലാന്റുകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.
ഇത് ഒട്ടേറെ കുടുംബങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമാക്കാൻ സഹായകരമായിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഉപഭോക്താക്കളിൽ 75% വും ഗാർഹിക വിഭാഗത്തിൽ പെടുന്നവരാണ്.
രാത്രി 11 മണിക്ക് ശേഷമാണ് വൈദ്യുതോപയോഗം ഏറ്റവും കൂടുതലായി രേഖപ്പെടുത്തുന്നത്. ഈ സമയത്ത് സോളർ വൈദ്യുതോൽപാദനം ഉണ്ടാകാറില്ല.
പകൽ സമയത്തെ ഉൽപാദനം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകുകയും രാത്രിയിൽ തിരിച്ച് ഉപയോഗിക്കുകയുമാണ് പതിവ്. മിച്ചമുള്ള ഉൽപാദനം സുരക്ഷിതമായി ശേഖരിച്ചു വെക്കാനുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) ഇല്ലാത്തത് നിലവിൽ ഒരു പ്രധാന പ്രതിസന്ധിയാണ്.
ഈ വെല്ലുവിളികൾ പഠിച്ചും മുൻകാല അനുഭവങ്ങൾ വിലയിരുത്തിയും മുന്നേറാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന ബജറ്റിൽ പിഎം സൂര്യ ഘർ പദ്ധതി പ്രകാരമുള്ള സംസ്ഥാനത്തിന്റെ ടോപ്-അപ്പ് സബ്സിഡി തുക ഒരുലക്ഷം രൂപയായി ഉയർത്തിയിട്ടുമുണ്ട്.
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സബ്സിഡി ലഭിക്കുന്നത് എങ്ങനെ?
പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പ്രകാരം മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നത്.
ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപവരെയും രണ്ട് കിലോവാട്ടിന് 60,000 രൂപവരെയും മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപയും സബ്സിഡി ലഭിക്കും. ഇതിന് പുറമെയാണ് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ടോപ്-അപ്പ് സബ്സിഡിയായി ഒരു ലക്ഷം രൂപ വരെ നൽകുന്നത്.
വൈദ്യുതി ബിൽ എങ്ങനെ ലാഭിക്കാം?
പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ ബിൽ സാധാരണയായി 2400 രൂപ വരുന്നുണ്ടെന്ന് കരുതുക. പരമാവധി സബ്സിഡി ലഭിക്കുന്ന 3 കിലോവാട്ട് സോളർ സിസ്റ്റം പുരപ്പുറത്ത് സ്ഥാപിച്ചാൽ പ്രതിമാസം 250 മുതൽ 350 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
ഇതിലൂടെ വൈദ്യുതി ബിൽ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഒരു കിലോവാട്ട് സിസ്റ്റമാണ് സ്ഥാപിക്കുന്നതെങ്കിൽ 90 മുതൽ 120 യൂണിറ്റ് വരെയും രണ്ട് കിലോവാട്ട് സിസ്റ്റമാണെങ്കിൽ 180 മുതൽ 250 യൂണിറ്റ് വരെയും വൈദ്യുതി ഉൽപാദനം നടക്കും.
ഇത് ബില്ലിൽ വലിയ കുറവ് വരുത്തും. ചെലവും തുക തിരിച്ചുപിടിക്കാനുള്ള കാലാവധിയും
ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ ഏകദേശം 60,000 രൂപ മുതൽ 80,000 രൂപവരെ ചെലവ് വന്നേക്കാം.
ഇതിൽ സർക്കാർ പരമാവധി 30,000 രൂപ സബ്സിഡി നൽകും. ഫലത്തിൽ ഉപഭോക്താവിന് വരുന്ന യഥാർത്ഥ ചെലവ് 30,000 മുതൽ 50,000 രൂപവരെയാണ്.
വൈദ്യുതി ബില്ലിലുണ്ടാകുന്ന ലാഭം കണക്കിലെടുത്താൽ നാല് വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാം. രണ്ട് കിലോവാട്ട് സിസ്റ്റത്തിന് 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയും മൂന്ന് കിലോവാട്ട് സിസ്റ്റത്തിന് 1.80 ലക്ഷം മുതൽ 2.5 ലക്ഷം രൂപവരെയും ചെലവ് പ്രതീക്ഷിക്കാം.
യഥാക്രമം 60,000 രൂപയും 78,000 രൂപയുമാണ് ഇതിന്റെ സബ്സിഡി തുകകൾ. കൃത്യമായ പ്ലാനിംഗിലൂടെ 5 മുതൽ 6 വർഷത്തിനകം മുടക്കുമുതൽ തിരികെ നേടാനാകും.
ഗ്രിഡിലേക്ക് വൈദ്യുതി നൽകുന്നതിലൂടെയുള്ള സാമ്പത്തിക ലാഭവും ഇതിനൊപ്പം ചേർത്തുവായിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

