ഓസ്ട്രേലിയയിലെ കാൻബറയിൽ വെച്ച് വെറും അഞ്ച് മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ചതിന് ഇന്ത്യൻ യുവതിക്ക് വൻ തുക പിഴ. വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ ഈ വ്യത്യസ്തമായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.
കഠിനമായ തണുപ്പ് അനുഭവപ്പെട്ടതിനാൽ എക്സ്ഹോസ്റ്റ് ഫാൻ ഓണാക്കാതെ കുളിച്ചതാണ് യുവതിക്ക് വിനയായി മാറിയത്. കുളിക്കുന്നതിനിടയിൽ ബാത്ത്റൂമിൽ നിന്ന് പുറത്തേക്കു പടർന്ന ചൂടേറിയ ആവി ഫ്ളാറ്റിലെ സ്മോക്ക് ഡിറ്റക്ടറിൽ തട്ടുകയും തൊട്ടുപിന്നാലെ കെട്ടിടത്തിൽ ഫയർ അലാറം മുഴങ്ങുകയുമായിരുന്നു.
കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായെന്നു കരുതി അടിയന്തര മുന്നറിയിപ്പ് സന്ദേശം മുഴങ്ങിയതോടെ എല്ലാവരും പെട്ടെന്നു പുറത്തിറങ്ങാൻ നിർബന്ധിതരായി. ഫയർ ഡ്രില്ലിന്റെ ഭാഗമായാകാം അലാറം മുഴങ്ങിയതെന്നാണു വാമിക ആദ്യം കരുതിയതെങ്കിലും, ബിൽഡിങ് മാനേജർ അപ്പാർട്ട്മെന്റിൽ പരിശോധനയ്ക്കായി പ്രവേശിച്ചപ്പോഴാണ് കുളിയാണു ഫയർ അലാറത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തെ തുടർന്ന് കെട്ടിടത്തിലേക്ക് നിമിഷങ്ങൾക്കകം അഗ്നിശമന സേനയും എത്തിച്ചേർന്നു. എന്നാൽ പരിശോധനയിൽ ആവിയാണ് അലാറത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടതോടെ, അഗ്നിശമന സേനയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് അധികൃതർ യുവതിക്ക് 1800 ഡോളർ (1.30 ലക്ഷം രൂപ) പിഴ ചുമത്തുകയായിരുന്നു.
ഓസ്ട്രേലിയയിലെ കർശനമായ നിയമപ്രകാരം അടിയന്തര സംവിധാനങ്ങളെ അനാവശ്യമായി വിളിക്കുന്നതും വ്യാജ അലാറങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണ്. എന്നാൽ കുളിമുറിക്ക് തൊട്ടടുത്തായി ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതിനെതിരെ വലിയ വിമർശനമാണ് യുവതി ഉന്നയിക്കുന്നത്.
പാചകം ചെയ്യുമ്പോൾ അബദ്ധത്തിൽ പുക ഉയർന്ന് അലാറം അടിച്ചതായിരുന്നെങ്കിൽ പോലും ഇത്രത്തോളം നാണക്കേട് ഉണ്ടാകില്ലായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കെട്ടിടങ്ങളിൽ ഫയർ അലാറമുകൾ നിർബന്ധമാണെങ്കിലും, ഷവറിലെ നീരാവി പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നത് എങ്ങനെയെന്ന ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

