ഗാലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയത്തിലേക്ക് കണ്ണ് നട്ട് ആതിഥേയരായ ശ്രീലങ്ക. ഇന്ത്യ ഉയർത്തിയ 372 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്ക, നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്.
മത്സരത്തിൽ ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ, വിജയത്തിനായി ശ്രീലങ്കയ്ക്ക് ഇനി 288 റൺസ് കൂടി കണ്ടെത്തേണ്ടതുണ്ട്. ധനഞ്ജയ ഡി സില്വ (31), സോണല് ദിനുഷ (25) എന്നിവരാണ് നിലവിൽ ക്രീസിൽ തുടരുന്നത്.
ഇന്ത്യൻ നിരയിൽ മാനവ് സുതർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ലങ്കൻ ഇന്നത്തെ ബാറ്റിംഗിനിടെ നിഷാൻ മധുഷ്ക (6), ലാഹിരു ഉഡാര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
മത്സരത്തിന്റെ നാലാം ദിനം 178 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡോടെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയത്. എന്നാൽ 193 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
69 പന്തുകളിൽ നിന്ന് 66 റൺസ് നേടിയ റിഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത് 44 റൺസ് നേടി.
കെ എൽ രാഹുൽ 35 റൺസും സ്വന്തമാക്കി. മറ്റാർക്കും തന്നെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായില്ല.
ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും ലാഹിരു കുമാര രണ്ട് വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാൾന്റെ വിക്കറ്റ് നഷ്ടമായിരുന്നു.
അസിത ഫെർണാണ്ടോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി താരം പൂജ്യനായി മടങ്ങി. ആദ്യ ഇന്നിംഗ്സിലും ജയ്സ്വാൾ വലിയ സ്കോർ നേടാതെയാണ് പുറത്തായത്.
സ്കോർ വേഗത്തിലുയർത്തി ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇത് തിരിച്ചടിയായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് 65 റൺസിന്റെ നിർണായക കൂട്ടുകെട്ടുയർത്തി ടീമിനെ പ്രതിരോധത്തിലാക്കാതെ കാത്തു.
പ്രഭാത് ജയസൂര്യയെ സിക്സിന് പറത്താനുള്ള ശ്രമത്തിനിടെ രാഹുൽ (35) പുറത്തായി. പിന്നാലെ നായകൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 81 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറി.
റിഷഭ് പന്തും പടിക്കലും ചേർന്ന് ടീം സ്കോർ 100 കടത്തിയെങ്കിലും, കെഷാൻ നുവാൻ പടിക്കലിനെ (44) വിക്കറ്റിന് മുന്നിൽ കുടുക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർന്നെത്തിയ ധ്രുവ് ജുറെൽ, റിഷഭ് പന്തിനൊപ്പം ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ സ്കോർ 116ൽ എത്തിച്ചു.
ലഞ്ചിന് ശേഷം ധ്രുവ് ജുറെലിനെ (7) നഷ്ടമായെങ്കിലും, രവീന്ദ്ര ജഡേജ – റിഷഭ് പന്ത് സഖ്യം 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്കോർ 174ൽ എത്തിച്ചു. തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ് ഇന്ത്യൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ ലങ്കൻ പേസർമാർ നടത്തിയ തന്ത്രം ഒടുവിൽ ഫലം കണ്ടു.
സിക്സ് അടിച്ച് അർധസെഞ്ചുറി തികച്ച റിഷഭ് പന്തിനെ (66) ലാഹിരു കുമാര ഷോർട്ട് ബോളിൽ മടക്കി. പിന്നാലെ രവീന്ദ്ര ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ എന്നിവരും ഷോർട്ട് ബോൾ കെണിയിൽ വീണതോടെ 19 റൺസിനിടെ അവസാന 5 വിക്കറ്റുകൾ കൂടി നഷ്ടമായ ഇന്ത്യ 193 റൺസിന് പുറത്താകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

