തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതകളിലൊന്നായ പവർഹൗസ് റോഡിൽ സാമൂഹിക വിരുദ്ധരുടെ അക്രമങ്ങൾ വർധിക്കുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം എൻട്രിയുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അവകാശപ്പെടുമ്പോഴും നിലവിലെ സ്ഥിതി വ്യത്യസ്തമാണ്.
ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ഇവിടെ കത്തിക്കുത്ത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പകൽവെളിച്ചത്തിൽ പോലും അക്രമങ്ങൾ നടക്കുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഞായറാഴ്ച വൈകിട്ട് നാലിനാണ് അതിഥി സംസ്ഥാന തൊഴിലാളിയായ തപൻ ദാസിനെ രണ്ടംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. ബെവ്കോ ഔട്ട്ലെറ്റിലെ ക്യൂവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുമാരപുരം സുഭാഷ് നഗർ സ്വദേശിയായ ആദിത്യനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന അതിഥി തൊഴിലാളി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തമ്മിലുണ്ടായ ചേരിപ്പോരിൽ മുഖത്ത് കുത്തേറ്റ മറ്റൊരു വ്യക്തിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സതിയും കൂട്ടാളി ബാബുരാജും തമ്മിലാണ് നടുറോഡിൽ പരസ്യമായി ഏറ്റുമുട്ടിയത്.
പരിക്കേറ്റ ബാബുരാജ് ചികിത്സയിൽ തുടരുമ്പോഴും ആർക്കും പരാതിയില്ലെന്ന കാരണം പറഞ്ഞ് പൊലീസ് ഇതുവരെ ഔദ്യോഗികമായി കേസെടുക്കാൻ തയ്യാറായിട്ടില്ല. ഇതിനുപുറമെ, കഴിഞ്ഞ ആഴ്ച സമാന പ്രദേശത്തുവെച്ച് കണ്ണൂർ സ്വദേശിയെ ആക്രമിച്ച് പണവും ബാഗും തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു.
പവർഹൗസ് പരിസരത്ത് ശക്തമായ കാവൽ ഏർപ്പെടുത്തുമെന്ന് കമ്മിഷണർ നിർദേശം നൽകിയെങ്കിലും അതൊന്നും താഴെതട്ടിൽ നടപ്പായിട്ടില്ലെന്നാണ് ആക്ഷേപം. രാപകൽ ഭേദമില്ലാതെ അക്രമി സംഘങ്ങൾ പ്രദേശം കൈയടക്കിയതോടെ ഇതുവഴി ജോലിക്കും യാത്രയ്ക്കും പോകുന്ന സാധാരണക്കാരുടെ സുരക്ഷ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.
മദ്യപാനികളും മറ്റ് ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരുടെയും പ്രധാന സങ്കേതമായി പ്രദേശം മാറിയിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ പവർഹൗസ് പരിസരം ഇപ്പോഴും ‘ഹൈ സെക്യൂരിറ്റി സോൺ’ ആണെങ്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് യാതൊരുവിധ ഭയവുമില്ലാതെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വാഹനം പാർക്ക് ചെയ്യുന്നവരുടെ പക്കൽ നിന്നും ഭീഷണിപ്പെടുത്തി പണവും പഴ്സും തട്ടിയെടക്കുന്ന പിടിച്ചുപറി സംഘങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ഈ പ്രദേശത്ത് തമ്പടിക്കുന്ന ലഹരി അടിമകളായ സംഘങ്ങളാണ് അക്രമങ്ങളുടെ മുഖ്യ ആസൂത്രകർ.
ബെവ്കോ ഔട്ട്ലൈറ്റിന് മുന്നിൽ തമ്പടിച്ച് മറ്റ് ഉപഭോക്താക്കളിൽ നിന്ന് ചില്ലറ പണം വാങ്ങി മദ്യം വാങ്ങി നൽകി സ്ഥിരമായി വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്ന ഒരു വിഭാഗം ഇവിടെ സജീവമാണ്. പവർഹൗസ് റോഡിന്റെ ഒരു ഭാഗം തമ്പാനൂർ സ്റ്റേഷന്റെയും മറുഭാഗം ഫോർട്ട് പൊലീസിന്റെയും പരിധിയിലാണ് വരുന്നത്.
ഈ രണ്ട് സ്റ്റേഷനുകൾക്കുമിടയിലെ അതിർത്തി തർക്കങ്ങളും ആശയക്കുഴപ്പങ്ങളും കാരണം ജീവൻ കയ്യിൽപിടിച്ചാണ് നാട്ടുകാർ ഇതുവഴി സഞ്ചരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

