പശ്ചിമേഷ്യയിൽ സുസ്ഥിര സമാധാനത്തിനായി യുഎസും ഇറാനും ജൂൺ 17ന് ഒപ്പുവച്ച 60-ദിന കരാറിന്റെ കാലാവധി പൂർത്തിയായി. വെടിനിർത്തൽ നീട്ടാനില്ലെന്ന് മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, ഇറാനോട് കീഴടങ്ങാനും ആവശ്യപ്പെട്ടു.
ഹോർമുസ് തുറക്കാനായി ഇറാനും ഒമാനും ഉഭയകക്ഷി ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഒമാനും ഇറാന്റെ വഴിക്കാണ് നീങ്ങുന്നതെങ്കിൽ അവരെയും ബോംബിട്ട് തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, അന്തിമലക്ഷ്യം ഇറാന് ആണവായുധം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും വ്യക്തമാക്കി.
ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെങ്കിലും കപ്പലുകളെ യുഎസ് ആണ് ഇപ്പോൾ നിയന്ത്രിക്കുന്നതെന്നും എണ്ണവില താഴുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ വെടിവയ്ക്കുകയാണെന്നും ആരോപിച്ചു.
‘‘കടലിൽ ബോംബുകൾ (മൈൻ) സ്ഥാപിച്ച് ഇറാന് ഇപ്പോഴും കപ്പലുകളെ തകർക്കാൻ കഴിയും. പക്ഷേ, ഒരു കാര്യമുണ്ട്.
യുഎസിന്റെ കപ്പൽ ഉപരോധം ഇറാനെ ഉലയ്ക്കുകയാണ്. അവരുടെ എണ്ണ കയറ്റുമതി പൂർണമായും നിലച്ചു’’ – ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഹോർമുസിലെ സമാധാന നീക്കങ്ങൾ തകർക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നതെങ്കിൽ സമ്പൂർണ യുദ്ധത്തിലേക്ക് പോകാൻ തയാറാണെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിലെ സ്ഥിതി ഇതിന് നേർവിപരീതമാണ്.
ബ്രെന്റ് ക്രൂഡ് വില ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും 90 ഡോളറിന് മുകളിലെത്തി. ബാരലിന് 0.52% വർധനയോടെ 91.34 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ഡബ്ല്യുടിഐ ക്രൂഡ് വില 0.75% ഉയർന്ന് 85.13 ഡോളറിലെത്തി. രാഷ്ട്രീയ അനിശ്ചിതത്വവും എണ്ണവില വർധനയും ആഗോള ഓഹരി വിപണികളിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമാണ്. യുഎസ് ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് സൂചികകൾ ഇടിഞ്ഞു.
എസ് ആൻഡ് പി500, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.33% വരെ താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചേഴ്സ് 25 പോയിന്റ് നഷ്ടത്തിലാണ്.
യൂറോപ്യൻ സൂചികകളും ഇതേ പാതയിലാണ്. ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കേയ് 0.99%, ഷാങ്ഹായ് 0.05%, ഹോങ്കോങ് 1.00% എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ട്. ഗിഫ്റ്റ് നിഫ്റ്റി 60ലേറെ പോയിന്റ് (-0.25%) നഷ്ടത്തിലാണ് കാണപ്പെടുന്നത്.
സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിലാണ് വ്യാപാരം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സെൻസെക്സ് 281 പോയിന്റും (-0.36%) നിഫ്റ്റി 78 പോയിന്റും (-0.32%) നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്നലെ 2535 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞത് വിപണിക്ക് കനത്ത ആഘാതമാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 19 പൈസ ഇടിഞ്ഞ് 95.61ൽ എത്തി.
ക്രൂഡോയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് മേൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് ഉടനെങ്ങും കുറയാനുള്ള സാധ്യത മങ്ങിയതും ദുർബലമായ യുഎസ് ഡോളർ ഇൻഡക്സും സ്വർണത്തിന് അനുകൂലമായി.
രാജ്യാന്തര സ്വർണവില ഔൺസിന് 27 ഡോളർ ഉയർന്ന് 4404 ഡോളറിലെത്തി. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചേക്കാം.
മറ്റ് പ്രധാന വിപണി വാർത്തകൾ:
∙ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിന്റെ സ്ഥാപക സിഇഒ വിജയ് ശേഖർ ശർമ തന്റെ 4.8% വരെ ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്നലത്തെ ഓഹരിവിലയായ 1502 രൂപ പരിഗണിച്ചാൽ ഏതാണ്ട് 5000 കോടി രൂപയുടെ ഡീൽ ആയിരിക്കും ഇത്.
∙ വെനസ്വേലയിൽ ക്രൂഡോയിൽ ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യയുടെ പൊതുമേഖലാ കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന് (ഒഎൻജിസി) യുഎസ് ട്രഷറി വകുപ്പിന് കീഴിലെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോളിന്റെ അനുമതി ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

