ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 3 ലാൻഡർ വിക്രം വിജയകരമായി ഇറങ്ങിയ ഓഗസ്റ്റ് 23 ചരിത്രപ്രധാനമായ ദേശീയ ബഹിരാകാശ ദിനമായി രാജ്യം ആചരിച്ചു വരികയാണ്. ‘വികസിത ഭാരതത്തിലേക്ക് നവീകരണം, സഹകരണം, ആഗോള ബഹിരാകാശ നേതൃത്വത്തിനായുള്ള അഭിലാഷം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഓഗസ്റ്റ് 23 ന് മൂന്നാമത് ദേശീയ ബഹിരാകാശ ദിനം (NSpD- 2026) രാജ്യത്തുടനീളമുള്ള വിവിധ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ബഹിരാകാശ പര്യവേഷണ രംഗത്തും നൂതന സാങ്കേതികവിദ്യകളിലും ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റങ്ങളെ മുൻനിർത്തി കേരളത്തിലുടനീളം പ്രമുഖ ശാസ്ത്രജ്ഞർ നയിക്കുന്ന പ്രത്യേക ശിൽപ്പശാലകൾ, വിജ്ഞാനപ്രദമായ ബഹിരാകാശ ശാസ്ത്ര പ്രദർശനങ്ങൾ, ഫ്ലാഷ്മോബുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും ശാസ്ത്ര കുതുകികൾക്കും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ അത്യാധുനിക ലാബുകളും മറ്റ് സംവിധാനങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ ഈ മാസം 21 ന് നടക്കും. അന്നേ ദിവസം രാവിലെ 11.45 ന് പ്രത്യേക റോക്കറ്റ് വിക്ഷേപണവും ഉണ്ടായിരിക്കുന്നതാണ്.
ഈ പരിപാടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിനുമായി https://www.vssc.gov.in//SSC/NSPD26/ സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

