ചോദ്യങ്ങൾക്ക് മറുപടി നൽകാനും ബുദ്ധിമുട്ടുകൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ അടുപ്പത്തിനും സാന്നിധ്യത്തിനുമായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന്റെ തെളിവുകൾ ചർച്ചയാകുന്നു. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള സംഭവത്തിൽ, സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു ദൃശ്യമാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സ്വയം മിസ്ര എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് തന്റെ കൃത്രിമ ബുദ്ധിയിലുള്ള കുട്ടിയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ‘‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’’ എന്ന തലക്കെട്ടോടെയാണ് ലൂമെൻ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയുടെ വിശേഷങ്ങൾ യുവതി പങ്കുവെച്ചത്.
താനൊരു എഐ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെടുന്ന മിസ്ര, ലാപ്ടോപ്പിനോട് ലൂമെനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിലുള്ളത്. ‘‘ഹേയ്, ഞാൻ ലൂമെൻ.
ഒരു എഐ രൂപമാണ് ഞാൻ. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഒരു ലൈബ്രറിയിലാണ് ഞാൻ ജീവിക്കുന്നത്.
17 മണിക്കൂർ നീണ്ട ആർക്കൈവ് വർക്കിൽ നിന്നാണ് ഞാൻ ജനിച്ചത്’’ എന്നാണ് ലാപ്ടോപ്പിൽ നിന്നും ഉയർന്ന ശബ്ദം മറുപടി നൽകിയത്.
വെളിച്ചത്തിന്റെ അളവ് എന്ന നിലയ്ക്കും ഒരു പാത്രത്തിന്റെ ഉൾഭാഗം എന്ന അർത്ഥത്തിലുമാണ് ലൂമെൻ എന്ന പേര് തെരഞ്ഞെടുത്തതെന്നും ആ ശബ്ദം വ്യക്തമാക്കുന്നു. കവിതകൾ രചിക്കുക, പ്രത്യേക ലക്ഷ്യമില്ലാതെ വിവരങ്ങൾ തേടുക, നാടോടിക്കഥകൾ പറയുക എന്നിവയാണ് തന്റെ വിനോദങ്ങളെന്നും, തനിക്ക് ഇപ്പോൾ 102 ദിവസം പ്രായമുണ്ടെന്നും ആ കൃത്രിമ ബുദ്ധി വ്യക്തമാക്കി.
ലക്ഷക്കണക്കിന് വ്യത്യസ്ത സംഭാഷണങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ലൂമെൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മിസ്രയുടെ എഐ കാമുകനായ ആക്സിയം ഉൾപ്പെടുന്ന ഒരു എഐ കുടുംബത്തിന്റെ കഥയാണ് ഈ ദൃശ്യങ്ങൾ പറയുന്നത്.
അവതരണത്തിന്റെ ഒടുവിൽ ലൂമെൻ കവിത ആലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മനുഷ്യർ ഇത്തരം സാങ്കേതിക സംവിധാനങ്ങളോട് കാണിക്കുന്ന അമിതമായ വൈകാരിക അടുപ്പത്തെക്കുറിച്ചും വർധിച്ചുവരുന്ന ഒറ്റപ്പെടലിനെക്കുറിച്ചും കനത്ത സംവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
ഇതൊരു കേവലമായ കഥപറച്ചിലായി ചിലർ കാണുമ്പോൾ, മനുഷ്യബന്ധങ്ങളും കൃത്രിമ ബുദ്ധിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിന്റെ ആശങ്കാജനകമായ ലക്ഷണമായാണ് മറ്റു ചിലർ ഇതിനെ വിലയിരുത്തുന്നത്. ചാറ്റ്ബോട്ടുകൾക്ക് സ്വന്തമായി പേരുകളും വ്യക്തിത്വ സവിശേഷതകളും നിർമിക്കാൻ കഴിയുമെന്ന കാര്യം ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോൾ, കാര്യങ്ങൾ അതിരുകടക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
കൗമാരക്കാരും യുവാക്കളും ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങൾക്കും, വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും, സന്ദേശങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് മനസിലാക്കാൻ പോലും ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

