ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വാടകവീട്ടിൽ തനിച്ചായിരുന്ന ഇദ്ദേഹത്തിന്റെ കൈയും കാലും ബന്ധിച്ച നിലയിലായിരുന്നു മൃതഗ്രഹം.
മോഷണശ്രമത്തിനിടെയാണ് ആസൂത്രിത കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.
അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലൂടെയാണ് അക്രമികൾ അകത്തുകടന്നതെന്ന് പോലീസ് കണ്ടെത്തി. ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയായിരുന്നു പ്രവേശനം.
കൃത്യം നടത്തിയ ശേഷം ഇതേവഴി പുറത്തിറങ്ങി തിരികെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷയിട്ടാണ് പ്രതികൾ കടന്നുകളഞ്ഞത്. വീടിന്റെ മുൻവാതിലുകൾ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
അലമാരകൾ തുറന്നിട്ട നിലയിലും വസ്ത്രങ്ങൾ തറയിൽ വാരിവലിച്ചിട്ട
നിലയിലുമാണ് കണ്ടെത്തിയത്. ഡൈനിങ് റൂമിലെ തറയിലാണ് കയ്യും കാലുകളും പരസ്പരം ബന്ധിച്ച നിലയിൽ മൃതദേഹം കിടന്നിരുന്നത്.
കഴുത്തിൽ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയിരുന്നു. മുഖത്തും തറയിലും രക്തക്കറയുണ്ട്.
അന്വേഷണം തടസ്സപ്പെടുത്താൻ വീടിന്റെ പ്രധാന വാതിൽപ്പടികളിലും തറയിലും മുളകുപൊടി വിതറിയിരുന്നു. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.
ശനിയാഴ്ച ഉച്ചവരെ കൊച്ചുമകൾ ശിവൻകുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്കു പോയി. ശിവൻകുട്ടിയുടെ ഫോണിൽ ഇൻകമിങ് സൗകര്യം ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽനിന്നു വിളിച്ചിട്ടു കിട്ടിയില്ല.
വിവരമറിഞ്ഞ് ഞായറാഴ്ച വൈകിട്ട് കൊച്ചുമകൾ കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് ഫോണിൽ കിട്ടാതായതോടെ ഭാര്യ അയൽവാസിയെയടക്കം വിവരമറിയിച്ചു.
രാവിലെ കൊച്ചുമകളും അയൽവാസിയും വീടുപണി കരാറെടുത്ത ഇതരസംസ്ഥാന തൊഴിലാളിയുമൊത്ത് എത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നി അടുക്കള വാതിലിന്റെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റി അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലുള്ള മകൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.
സരസ്വതിയാണ് ഭാര്യ. ശശികല, ശ്രീകല എന്നിവർ മക്കളും ബിജു മരുമകനുമാണ്.
കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറക്കൽ പടീറ്റത്തിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

