ജില്ലയിലെ തിരക്കേറിയ പൊതുസ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് കവർച്ചാസംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. സ്ത്രീകളെയും വയോധികരെയും പ്രത്യേകമായി ലക്ഷ്യമിട്ടാണ് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായി ഈ സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്.
വിവിധ പരാതികളും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, സംഭവുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഓണക്കാല കച്ചവടകേന്ദ്രങ്ങളും ജനത്തിരക്കേറിയ ഇടങ്ങളും കേന്ദ്രീകരിച്ച് ഇത്തരം തസ്കരസംഘങ്ങൾ കൂടുതൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനായി ജില്ലയിലാകെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ അംഗങ്ങളുള്ള സംഘങ്ങളായാണ് ഇവർ മോഷണം ആസൂത്രണം ചെയ്യുന്നത്.
ബസുകൾ, ഓട്ടോറിക്ഷകൾ, മറ്റ് നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും സൂക്ഷ്മമായി പിന്തുടർന്ന് അവസരം മുതലെടുത്ത് സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത് രക്ഷപ്പെടുന്നതാണ് ഇവരുടെ സ്ഥിരം രീതിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീ യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ മാത്രം പ്രത്യേകമായി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മോഷ്ടാക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
സമീപകാലത്ത് വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ അതിർത്തികളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിരുന്നു. വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലം അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള സ്ത്രീയുടെ 1.45 പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
കൂടാതെ, കഴിഞ്ഞയാഴ്ച ഉച്ചയോടെ കൊളഗപ്പാറയിൽനിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 71 വയസ്സുകാരിയുടെ 2 പവൻ മാലയും, കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുകാരിയുടെ 2 പവൻ മാലയും ഇതേ സംഘം കവർച്ച ചെയ്തിട്ടുണ്ട്. സ്വർണവില ചരിത്രപരമായ ഉയർന്ന നിരക്കിലേക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് പ്രായമായവരെ ലക്ഷ്യമിട്ട് ഇത്തരക്കാർ വ്യാപകമായി കറങ്ങാൻ പ്രധാന കാരണം.
വയോധികരെ കേന്ദ്രീകരിച്ച് മോഷണം നടത്തുമ്പോൾ വളരെ എളുപ്പത്തിൽ കുറ്റകൃത്യം നടത്തി രക്ഷപ്പെടാമെന്നതും നിയമനടടികളുടെ റിസ്ക് കുറവാണെന്നതുമാണ് ഇത്തരം പ്രതികളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു. പൊതുജനങ്ങൾക്കിടയിൽ സംശയകരമായ രീതിയിലുള്ള നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ആ വിവരം ബന്ധപ്പെട്ട
അധികാരികളെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും ജനങ്ങൾ തിങ്ങിനിറയുന്ന ഇടങ്ങളിലും എല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
വിലപിടിപ്പുള്ള ആഭരണങ്ങൾ പരമാവധി സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോണുകൾ, പഴ്സുകൾ എന്നിവ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
മാസ്ക് ധരിച്ചോ അല്ലാതെയോ തങ്ങളെ ആരെങ്കിലും സംശയകരമായ സാഹചര്യത്തിൽ പിന്തുടരുന്നതായി അനുഭവപ്പെട്ടാൽ കൂടുതൽ ജാഗ്രത പാലിക്കുക. അത്തരം സന്ദർഭങ്ങളിൽ ഉടൻ തന്നെ അടുത്തുള്ള കടയിലേക്കോ സുരക്ഷിതമായ ജനവാസ കേന്ദ്രത്തിലേക്കോ മാറിനിൽക്കുക.
സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപെട്ടാൽ സമയബന്ധിതമായി പൊലീസിനെ വിവരം അറിയിക്കണം. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ ബന്ധപ്പെട്ട് അടിയന്തര പോലീസ് സഹായം തേടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

