അത്തം പിറന്നതോടെ ഓണാഘോഷങ്ങളുടെ തയ്യാറെടുപ്പിലാണ് നാട്. ഇത്തവണ കളിമണ്ണുകൊണ്ടുള്ള മാതേവരോടൊപ്പം മഹാബലിയുടെ പ്രതിമയും വീടുകളിൽ പൂജയ്ക്കായി ഒരുക്കാം.
അതിനായി പ്രത്യേക മഹാബലി പ്രതിമകൾ നിർമിച്ച് വിൽപന നടത്തി ശ്രദ്ധ നേടുകയാണ് മേലാർകോട് വടക്കേത്തറ തുമ്പയിൽവീട്ടിൽ കാർത്തിക സുനിൽ. അരിമാവുകൊണ്ട് കോലമിട്ട് അതിനോടൊപ്പം പൂക്കളവുമിട്ട് നടുവിൽ ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നതു പതിവാണ്.
എന്നാൽ കളിമണ്ണ് കിട്ടാതായതോടെ ഓണത്തപ്പൻ ഉണ്ടാക്കുക എളുപ്പമല്ലാതായി. എങ്കിലും വിപണിയിൽ നിന്നു വാങ്ങാം.
അത്ര സുലഭമല്ലെങ്കിലും അത്യാവശ്യക്കാർക്കു സംഘടിപ്പിക്കാം. കഴിഞ്ഞ ഓണത്തിന് മഹാബലിയുടെ പ്രതിമ കാർത്തിക ഏറെ അന്വേഷിച്ചിരുന്നു.
കേരളത്തിൽ പലയിടത്തും അന്വേഷിച്ചെങ്കിലും ഇത് ലഭ്യമായിരുന്നില്ല. ഇതോടെ മഹാബലിയുടെ പ്രതിമ സ്വന്തമായി നിർമിച്ച് വിൽപന നടത്തിയാലോ എന്ന ചിന്ത മനസ്സിൽ ഉയർന്നു.
തുടർന്ന് അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രതിമ നിർമിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണമായി.
അതു സേലം വരെ നീണ്ടു. അവിടെയെത്തിയപ്പോൾ രാജസ്ഥാനിൽ നിന്ന് തമിഴ്നാട്ടിൽ വന്ന് പ്രതിമ നിർമിച്ചുനൽകുന്ന ആളെക്കുറിച്ചു വിവരം ലഭിച്ചു.
അയാളുമായി സംസാരിച്ച് മേലാർകോട്ടേക്കു വരുത്തുകയായിരുന്നു. എങ്കിലും, മഹാബലിയുടെ പ്രതിമ നിർമാണത്തിനാവശ്യമായ മോൾഡ് എങ്ങും കിട്ടാനില്ലാത്തതു വലിയ ബുദ്ധിമുട്ടായി മാറി.
ഒടുവിൽ കുടവയറും കൊമ്പൻമീശയുമൊക്കെയായി ഓലക്കുട ചൂടി നിൽക്കുന്ന മഹാബലിയുടെ രൂപം വരച്ചുകൊടുത്ത് അതുപ്രകാരം മോൾഡ് തയാറാക്കുകയാണുണ്ടായത്.
കൈകൾ പ്രത്യേകം നിർമിച്ച് വച്ചുപിടിപ്പിക്കുകയായിരുന്നു. ഒന്നരയടി ഉയരമുണ്ട് മഹാബലിയുടെ ഈ മനോഹരമായ പ്രതിമയ്ക്ക്.
ഓണം കഴിഞ്ഞാലും മഹാബലിയുടെ പ്രതിമ വീടുകളിലെ ഷോകേസിൽ സൂക്ഷിച്ചു വയ്ക്കാം. കേരളത്തിൽ തന്നെ ആദ്യമായാണ് മഹാബലിയുടെ പ്രതിമ ഉണ്ടാക്കുന്നതെന്നു കാർത്തിക അവകാശപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

