പ്രമുഖ താരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണത്തിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നാളെ പ്രസ്തുത പ്രദേശങ്ങളിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കും. ചിത്രത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ‘ലൗലജൻ’ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്നത് സിനിമയുടെ പ്രധാന പ്രത്യേകതയാണ്.
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജന്റെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും വലിയ പ്രേക്ഷക പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ലാലേട്ടൻ ചിത്രമാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ‘തുടരും’ ഉൾപ്പെടെയുള്ള പ്രമുഖ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: സംഗീതം: ജേക്സ് ബിജോയ്, സഹസംവിധാനം: ബിനു പപ്പു, എഡിറ്റിംഗ്: വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ: ഗോകുല്‍ദാസ്, കോസ്റ്റ്യൂം: മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധര്‍മന്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

