ദുബായ് ∙ യുദ്ധസാഹചര്യത്തിനിടയിൽ, കഴിഞ്ഞ മാർച്ചിൽ കാണാതായ ഇറാൻ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന ഗുരുതര ആരോപണവുമായി ഇറാൻ രംഗത്ത്. എന്നാൽ ഈ വാദം ഖത്തർ ഔദ്യോഗികമായി നിഷേധിച്ചു.
സംഘർഷത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ഇറാൻ അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഖത്തർ ഇവരെ കസ്റ്റഡിയിൽ എടുത്തുവെന്ന രീതിയിലുള്ള ആരോപണം ഇതാദ്യമായാണ് ഉന്നയിക്കുന്നത്.
സംഘർഷവേളയിൽ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചതിനു പിന്നാലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താനായി വ്യോമസേന തിരച്ചിലിന് അനുമതി തേടിയെങ്കിലും ഖത്തർ അത് അനുവദിച്ചില്ലെന്ന് ഇറാൻ സേനാ ജനറൽ മുഹമ്മദ് ബാഗിർസദ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയ വിവരം ഇറാനെ സമയബന്ധിതമായി അറിയിച്ചിരുന്നുവെന്നും തിരച്ചിൽ ദൗത്യങ്ങളുമായി പൂർണ്ണമായും സഹകരിക്കാമെന്ന് അറിയിച്ചിരുന്നതായും ഖത്തർ വ്യക്തമാക്കി.
ഇതിനിടെ, കുവൈത്തിൽ തടവിൽ കഴിയുന്ന 4 ഇറാൻ പൗരന്മാരുടെ മോചനം സംബന്ധിച്ച കാര്യങ്ങളിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടയിൽ, കപ്പൽപാത സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ പുരോഗമിക്കുന്ന ചർച്ചകൾക്ക് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി നേരിട്ട് ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള താൽക്കാലിക ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക ചർച്ച മാത്രമാണ് ഒമാനുമായി നടക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ഇറാൻ വിരുദ്ധ നിലപാടുള്ള യുഎസ്, ഇസ്രയേൽ മാധ്യമങ്ങളുമായി സംസാരിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള പുതിയ ബില്ലിന് ഇറാൻ പാർലമെന്റ് ഔദ്യോഗിക അംഗീകാരം നൽകി.
ഈ നിയമം പൂർണ്ണതോതിൽ നടപ്പിലാകാൻ ഗാർഡിയൻ കൗൺസിലിന്റെ കൂടി അനുമതി ആവശ്യമാണ്. ശത്രുരാജ്യങ്ങളല്ലാത്ത വിദേശ മാധ്യമങ്ങളോട് സംസാരിക്കുന്ന സന്ദർഭങ്ങളിൽ പോലും ഉദ്യോഗസ്ഥർ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

