സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രചാരണവും സംഘടനാ പ്രവർത്തന ഫണ്ട് ശേഖരണവും ലക്ഷ്യമിട്ട് സിപിഎം വീണ്ടും ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമിട്ടു. വരുന്ന സെപ്റ്റംബറിൽ ചേരാനിരിക്കുന്ന വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയുടെ സുപ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് സ്ക്വാഡുകളുടെ പ്രധാന ചുമതല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചിരുന്നുവെങ്കിൽ, ഇത്തവണത്തെ നടപടി സംഘടനാപരമായ ആവശ്യങ്ങൾക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. എന്നാൽ, കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഫണ്ട് ശേഖരണത്തിന് പ്രത്യേക സാവകാശം അനുവദിച്ചിട്ടുണ്ട്.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീ സുരക്ഷാപെൻഷൻ നിർത്തലാക്കിയതും, ക്ഷേമപെൻഷനുകൾ വീടുകളിലെത്തിക്കുന്ന സംവിധാനം പിൻവലിക്കാൻ ശ്രമിക്കുന്നതും സ്ക്വാഡ് അംഗങ്ങൾ പൊതുജനങ്ങളോട് വിശദീകരിക്കും. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ബ്രാഞ്ച് തലങ്ങളിൽ അനുഭാവി യോഗങ്ങൾ ഇതിനോടകം പൂർത്തിയായതിനാൽ ഈ വിഷയത്തിൽ പുതിയ വിശദീകരണങ്ങൾ ഉണ്ടാകില്ല.
കൂടാതെ, വീടുകൾ സന്ദർശിക്കുമ്പോൾ രാഷ്ട്രീയ വിഷയങ്ങളെച്ചെല്ലി ആരുമായും തർക്കങ്ങളിൽ ഏർപ്പെടരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

