മാതൃരാജ്യത്തെ ഉപേക്ഷിച്ചു റഷ്യയ്ക്ക് അനുകൂലമായി കൂറുമാറിയ യുക്രെയ്ൻ നാവികനെ സ്ഫോടനത്തിലൂടെ വധിച്ചു. 2014ൽ യുക്രെയ്നിൽനിന്നും റഷ്യ പിടിച്ചെടുത്ത ക്രൈമിയയിൽ വച്ചാണ് മുൻ യുക്രെയ്ൻ നാവികനായ റോബർട്ട് ഷാഗീവ് (49) കൊല്ലപ്പെട്ടത്.
ഈ സംഭവത്തിൽ സ്ഫോടക വസ്തു കൊണ്ടുവന്ന മാർഗരിറ്റ റൂട്ട് എന്ന 32 കാരിയായ യുവതി റഷ്യയുടെ പിടിയിലായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ആസൂത്രിത ആക്രമണത്തിൽ യുക്രെയ്നു പങ്കുള്ളതായും വിവരങ്ങളുണ്ട്.
യുക്രെയ്നിന്റെ കൈവശമുണ്ടായിരുന്ന ഏക അന്തർവാഹിനിയുടെ ആക്ടിങ് കമാൻഡറായിരുന്നു ഷാഗീവ്. എന്നാൽ 2014-ൽ ക്രൈമിയ യുക്രെയ്നു നഷ്ടമായതിനു പിന്നാലെ ഷാഗീവ് റഷ്യൻ പക്ഷത്തേക്ക് കൂറുമാറുകയായിരുന്നു.
തുടർന്ന് യുക്രെയ്ൻ ഈ നാവികനു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലാണ് യുവതി സ്ഫോടക വസ്തു ഒളിപ്പിച്ചു വെച്ചത്.
ഇതിനു സമീപത്തേക്ക് റോബർട്ട് ഷാഗീവ് എത്തിയ ഉടൻ തന്നെ ഉഗ്രസ്ഫോടനം ഉണ്ടാകുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഷാഗീവ് കൊല്ലപ്പെട്ടു.
സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ ആദ്യം കരുതിയത് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ്. എന്നാൽ, തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാലിന്യപാത്രത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്.
പിടിയിലായ യുവതി കുറ്റസമ്മതം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം മാർഗരിറ്റ റഷ്യ വിടാൻ ശ്രമം നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്.
എസ്കോർട്ട് വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട് മാർഗരിറ്റ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നുണ്ട്. മുൻപും യുക്രെയ്ൻ അനുകൂല പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഈ യുവതി നിയമനടടടികൾ നേരിട്ടിട്ടുണ്ട്.

