പുൽപള്ളിയിലെ ശശിമല നീറമ്പുഴയിൽ കർഷകനായ ജോജിയുടെ പാഷൻ ഫ്രൂട്ട് കൃഷിക്ക് കനത്ത നാശനഷ്ടം. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്.
പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ജോജി പാഷൻ ഫ്രൂട്ട് കൃഷി നടത്തിയിരുന്നത്. വിളവെടുപ്പിന് പാകമായ ഘട്ടത്തിലാണ് ചെടികൾ പടർത്തിയിരുന്ന പന്തൽ പൂർണ്ണമായും തകർന്നു നിലംപൊത്തിയത്.
ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ പഴങ്ങൾ പന്തലിനടിയിൽ പെട്ട് നശിക്കുകയുണ്ടായി. ആകെ 6 ലക്ഷം രൂപയാണ് കൃഷിക്കായി ജോജി മുടക്കിയിരുന്നത്.
പന്തൽ ഭാഗികമായി ഉയർത്താൻ ശ്രമിച്ചെങ്കിലും അത്യധികം ഭാരം താങ്ങാനാകാതെ ഇത് വീണ്ടും തകരുകയായിരുന്നു. നിലവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ പന്തൽ ഓരോ ഭാഗങ്ങളായി വീണ്ടും ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് കർഷകൻ.
കൃഷിനാശം സംഭവിച്ച ജോജിക്ക് അടിയന്തരമായി കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് പ്രദേശവാസികളും നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക സംസ്ഥാനത്തേക്കാൾ മെച്ചപ്പെട്ട
സാഹചര്യങ്ങൾ ഇവിടെയുണ്ടെന്ന് കണ്ടാണ് കേരളത്തിൽ പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞതെന്ന് ജോജി വ്യക്തമാക്കി. അവിടുത്തേക്കാൾ മികച്ച വിളവും വലിപ്പമുള്ള പഴങ്ങളും തന്റെ കൃഷിയിടത്തിൽ ലഭിക്കുന്നുണ്ട്.
വിപണിയിൽ എപ്പോഴും നല്ല മൂല്യമുള്ളതിനാൽ പാഷൻ ഫ്രൂട്ട് കൃഷിക്ക് മികച്ച സാധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

