ഇടുക്കി ജില്ലയിലെ എഴുകുംവയലിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ വകവരുത്തിയത് മൂന്നാഴ്ച മുൻപ് വാങ്ങി കരുതിയിരുന്ന ആയുധം ഉപയോഗിച്ചാണെന്ന് മകനും കേസിലെ പ്രതിയുമായ അജീഷ് (26) പോലീസിന് മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം മാതാവിനെയും പിന്നാലെ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഈ നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ലഹരിക്ക് അടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം നൽകാതിരുന്നതും തുടർന്നുണ്ടായ കുടുംബവഴക്കുമാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും നൽകുന്ന മൊഴികളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുള്ളതിനാൽ പോലീസ് ഇത് പൂർണ്ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണവും കൃത്യം നടത്തിയ രീതിയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ.
കൊല്ലപ്പെട്ട ആന്റണിയുടെ ശരീരത്തിൽ 14 മുറിവുകളും വത്സമ്മയുടെ ശരീരത്തിൽ നാലു മുറിവുകളുമാണ് കണ്ടെത്തിയത്.
ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ നടക്കും. ജർമനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ നിതിൻ ആണ് കൊല്ലപ്പെട്ട
ദമ്പതികളുടെ മൂത്ത മകൻ. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഫൊറൻസിക് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ഉച്ചയോടെ പ്രതി അജീഷിനെ സംഭവസ്ഥലത്ത് എത്തിച്ചും തെളിവെടുത്തു. കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി പോലീസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്.
തുടർന്ന് അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്ക് മാറ്റി.

