സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും സർവ്വപ്രധാനമായ പരിഗണന നൽകുമെന്ന് പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾ മുഖ്യമായും അഭിമുഖീകരിക്കുന്ന പാസ്പോർട്ട് സേവനങ്ങളിലെ കാലതാമസത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അംബാസഡർ അനുഭാവപൂർവമാണ് പ്രതികരിച്ചത്.
നിലവിൽ അപ്പോയിൻമെൻ്റ് ലഭിക്കുന്നതിനായി ഒന്നര മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും, ഇതിന് ആവശ്യമായ പരിഹാര നടപടികൾ അതിവേഗം സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻകാലങ്ങളിൽ എംബസിയിൽ നടത്തിയിരുന്ന ‘ഓപ്പൺ ഹൗസ്’ സംവിധാനം പുനരാരംഭിക്കുന്ന കാര്യം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളി സമൂഹം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത് പോലുള്ള സങ്കീർണമായ കാര്യങ്ങളിലും എംബസിയുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് അംബാസഡർ ഉറപ്പുനൽകി. ചുമതലയേറ്റെടുത്തതിനു ശേഷം പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
മികച്ച സേവനം ലഭ്യമാക്കുന്നതിനായി എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സന്നദ്ധ സംഘടനകളും യോജിച്ച് പ്രവർത്തിക്കുമെന്നും, ഈ കൂട്ടായ്മ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഔദ്യോഗിക കാലാവധിയിൽ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹ സംഘടനകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വഴി പ്രവാസ സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അടുത്ത സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമായ സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളത്. സൗദിയിൽ വസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ വലിയൊരു ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ബന്ധങ്ങൾ, ഊർജ്ജ മേഖല, വ്യാപാരം, നിക്ഷേപം, സംസ്കാരം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിൽ സൗദിയിലെ മുഴുവൻ ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

