ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ ശക്തമായ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ ദമ്പതികൾ മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി കൈമാറി. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യയും മദ്രാസ് സർവകലാശാലയിലെ പ്രഫസറുമായ ജി.ജയന്തി എന്നിവരാണ് തങ്ങളുടെ കുടുംബസ്വത്തിൽ നിന്നുള്ള വിഹിതം പാർട്ടിക്ക് നൽകിയത്.
ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലുള്ള ഡോ.നടേശൻ റോഡിലെ കെട്ടിടത്തിൽ വെച്ചാണ് റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിന് ദമ്പതികൾ കൈമാറിയത്. ആകെ 2400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ 700 ചതുരശ്രയടിയാണ് പാർട്ടിയുടെ പേരിലേക്ക് മാറ്റിയത്.
റജിസ്ട്രേഷനു വേണ്ടി വന്ന 10 ലക്ഷം രൂപയും ഗോകുലകൃഷ്ണൻ തന്നെയാണ് വഹിച്ചത്. പി.ഷൺമുഖത്തെ അണിയിക്കാനായി ചുവന്ന ഷാളുമായിട്ടാണ് ജയന്തി ചടങ്ങിലേക്ക് എത്തിയത്.
സിഐടിയു ഓട്ടോ– ടാക്സി തൊഴിലാളി യൂണിയൻ സജീവ പ്രവർത്തകനായ അയനാവരം സ്വദേശി കെ.പ്രഭാകരനോടാണ് കുടുംബസ്വത്തിനെക്കുറിച്ച് ദമ്പതികൾ ആദ്യമായി സംസാരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി പ്രഭാകരന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരാണ് ഗോകുലകൃഷ്ണനും കുടുംബവും.
തങ്ങളുടെ സ്വത്ത് ഏതെങ്കിലും സൽപ്രവർത്തിക്കായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെയുള്ള അന്വേഷണമാണ് ഒടുവിൽ സിപിഎമ്മിൽ എത്തിച്ചേർന്നത്. പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായതോടെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത്.
പ്രഭാകരൻ തോഴന്റെ കമ്യൂണിസ്റ്റ് ജീവിതമാണ് ശിങ്കാരവേലുവിന്റെ പ്രവർത്തന മേഖലയിൽ തന്നെ പാർട്ടിക്കൊരു സ്ഥലം ലഭ്യമാകുന്നതിന് കാരണമായതെന്ന് ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി.സെൽവ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് നിലവിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുള്ളത്.
ചെന്നൈയിലെ പ്രധാനപ്പെട്ട സ്ഥലത്ത് പാർട്ടിക്ക് ലഭിച്ച ഈ ഭൂമി ജനോപകാരപ്രദമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

