സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. പാർലമെന്റിൽ ദിവസങ്ങളോളം എത്താതിരിക്കുകയും പ്രതിപക്ഷം ഉന്നയിച്ച സുപ്രധാന ചോദ്യങ്ങൾ അവഗണിക്കുകയും ചെയ്ത നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെന്റിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിക്കൊണ്ട് അഭിമുഖത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത സമ്മേളനത്തിന് ശേഷം നടന്ന ‘ശുദ്ധികലശ’ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഒറ്റപ്പെട്ട
സംഭവമല്ലെന്നും ആഴത്തിൽ വേരൂന്നിയ സാമൂഹിക മുൻവിധിയാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും ഖർഗെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 80-ാം വർഷത്തിലും ഇത്തരം ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണ്.
ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രം കാലങ്ങളായി കൊണ്ടുനടക്കുന്ന ജാതിശ്രേണിയുടെയും ആധിപത്യത്തിന്റെയും ഫലമാണിത്. അയിത്തം മനുഷ്യാന്തസ്സിനു നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും അദ്ദേഹം വ്യക്തത വരുത്തി. കേവലമൊരു ദലിത് നേതാവായി മാത്രം താൻ ഒരിക്കലും സ്വയം അവതരിപ്പിച്ചിട്ടില്ലെന്നും, ഭരണഘടനയിലും സാമൂഹിക നീതിയിലും സമത്വത്തെക്കുറിച്ചുള്ള ഡോ.
ബാബാസാഹെബ് അംബേദ്കറുടെ ദർശനത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഗാന്ധിയും ദേവരാജ് അരസും നൽകിയ പിന്തുണയും തന്റെ അമ്പതിലേറെ വർഷത്തെ പൊതുജീവിതവും അദ്ദേഹം ഓർത്തെടുത്തു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളു: അടുത്ത മൂന്ന് വർഷത്തിനകം മാറ്റവും പരിവർത്തനവും ഇന്ത്യയുടെ പടിവാതിൽക്കൽ എത്തും. ഈ സർക്കാർ പോകുമ്പോൾ, പ്രത്യാശയ്ക്കും സമത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും സാമൂഹിക നീതിക്കും ചുറ്റും സ്വയം പുനർനിർമ്മിക്കാൻ ഇന്ത്യക്ക് വീണ്ടും അവസരം ലഭിക്കും.’ രാജ്യത്തെ തൊഴിലില്ലായ്മയെയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളെയും കുറിച്ചും ഖർഗെ സംസാരിച്ചു.
നീറ്റ് പരീക്ഷാ വിവാദവും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും യുവതലവീടുകളെ തകർത്തു കളഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി നയിച്ച മുന്നേറ്റങ്ങളും യുവജനങ്ങളുടെ പ്രതിഷേധങ്ങളും രാജ്യത്ത് പുതിയൊരു രാഷ്ട്രീയ ഉണർവാണ് നൽകുന്നത്.
ജാതി സെൻസസ് വിഷയത്തിൽ സർക്കാരിന്റെ സമീപനത്തെ വിമർശിച്ച അദ്ദേഹം, തെലങ്കാന മാതൃക ഉൾക്കൊണ്ട് സമഗ്രമായ രീതിയിൽ സെൻസസ് നടത്തണമെന്നും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

